ആര്‍എസ്എസ് ചിന്തകനടക്കം നാലുപേര്‍ രാജ്യസഭയിലേക്ക്‌

ന്യൂഡല്‍ഹി: രാജ്യസഭാ അംഗങ്ങളായി ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ, ബിജെപി മുന്‍ എംപി രാം ശകല്‍ എന്നിവരടക്കം നാലുപേരെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ അംഗങ്ങളെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതെന്നു പ്രധാന—മന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു.
രാം ശകല്‍, രാകേഷ് സിന്‍ഹ എന്നിവര്‍ക്കു പുറമേ നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ശില്‍പി രഘുനാഥ് മോഹപത്ര എന്നിവരാണ് രാജ്യസഭയിലേക്ക് പുതുതായി നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റംഗങ്ങള്‍.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷക നേതാവാണ് ദലിത് സമുദായാംഗമായ രാം ശകല്‍ എന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള പ്രചാരണങ്ങളുടെ പേരില്‍ ശ്രദ്ധേയനാണെന്നും പിഎംഒയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മൂന്നു തവണ ബിജെപി പ്രതിനിധിയായി ലോക്‌സഭയിലെത്തിയിരുന്നു.
ഡല്‍ഹി ആസ്ഥാനമായ ചിന്താ സ്ഥാപനം പോളിസി ഫൗണ്ടേഷന്റെ സ്ഥാപകനും ഹോണററി ഡയറക്ടറുമാണ് രാകേഷ് സിന്‍ഹ.
ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ മോത്തിലാല്‍ നെഹ്‌റു കോളജിലെ പ്രഫസറായ അദ്ദേഹം ഇന്ത്യന്‍ സാമൂഹിക ശാസ്ത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎസ്എസ്ആര്‍) അംഗമെന്ന നിലയിലും സേവനമനുഷ്ഠിക്കുന്നു.
ശിലാ ശില്‍പ നിര്‍മാണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ കലാകാരനാണ് മോഹപത്ര. 1959 മുതല്‍ ഈ രംഗത്ത് തുടരുന്ന മോഹപത്ര പൂരി ജഗന്നാഥക്ഷേത്രത്തിന്റെ സൗന്ദര്യവല്‍ക്കരണം, പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ശില്‍പങ്ങള്‍, പാരിസിലെ ബുദ്ധ ക്ഷേത്രത്തിലെ ശില്‍പങ്ങള്‍ എന്നിവയുടെ പേരില്‍ പ്രശസ്തനാണ്.
ഭരതനാട്യം, ഒഡീഷ് നര്‍ത്തകിയായ സൊണാല്‍ മാന്‍സിങ് ആറു പതിറ്റാണ്ടിലധികമായി കലാരംഗത്തു തുടരുന്നു. 1997ല്‍ ഡല്‍ഹി ആസ്ഥാനമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസ് ആരംഭിച്ചു.
ഭരണഘടനയുടെ 80-ഒന്ന് എ വകുപ്പ് പ്രകാരമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നേരിട്ട് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നത്.
കലാ, സാംസ്‌കാരിക, സാഹിത്യ, വൈജ്ഞാനിക, സാമൂഹിക സേവന മേഖലകളില്‍ നിന്നുള്ള 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാമെന്നാണ് 80-ഒന്ന് എ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. ഇതില്‍ എട്ട് അംഗങ്ങളെ നേരത്തേ നാമനിര്‍ദേശം ചെയ്തിരുന്നു.
ഒഴിവു വന്ന നാലു സീറ്റുകളിലേക്കുള്ള അംഗങ്ങളെയാണ് ഇന്നലെ നാമനിര്‍ദേശം ചെയ്തത്.
Next Story

RELATED STORIES

Share it