ആര്‍എസ്എസ് ഗൂഢാലോചനയ്ക്ക് മുഖ്യമന്ത്രിയുടെ സഹായം: പി ജയരാജന്‍

തലശ്ശേരി/കണ്ണൂര്‍: മനോജ് വധക്കേസില്‍ തന്നെ കുടുക്കിയത് ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായമുണ്ടായെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. തലശ്ശേരി കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസിന്റെ ഗൂഢപദ്ധതിക്ക് സിബിഐ കൂട്ടുനില്‍ക്കുകയാണ്. സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകനായതിനാലാണ് എന്നെ ലക്ഷ്യമിടുന്നത്. രാഷ്ട്രീയ സംഘര്‍ഷ കേസുകളില്‍ യുഎപിഎ ആദ്യമായി ചുമത്തിയത് കതിരൂര്‍ കേസിലാണ്.
സിപിഎമ്മിനെ ഭീകരപ്രസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനാണു ശ്രമം. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ കള്ളക്കേസിനെതിരേ മുന്നോട്ടുവന്നു. ശത്രുവര്‍ഗത്തിന്റെ ഭാഗമായി നില്‍ക്കുന്നവരില്‍ നിന്നു പോലും പിന്തുണ ലഭിച്ചു. മാധ്യമ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പിന്തുണയും സഹായവും നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം, കേസന്വേഷിക്കുന്ന സിബിഐ സംഘം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരില്‍ നിന്നു പി ജയരാജന്റെ മെഡിക്കല്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ സിബിഐയുടെ മെഡിക്കല്‍ പരിശോധനാ സംഘം പരിയാരത്തെത്തുമെന്നാണു സൂചന. ജയരാജന്റെ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കും സംഘം വൈദ്യപരിശോധന നടത്തുക.
കോടതിയില്‍ കീഴടങ്ങിയ പി ജയരാജന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിയത് തീര്‍ത്തും അവശനായിട്ടാണ്. സാധാരണ കാര്‍ക്കശ്യത്തോടെ പെരുമാറിയിരുന്ന ജയരാജന്‍ പരിയാരത്ത് തിരിച്ചെത്തിയപ്പോഴേക്കും ഏറെ ക്ഷീണിതനായിരുന്നു.
ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായി മൂന്നാഴ്ചയിലേറെയായി കണ്ണൂര്‍ എകെജി ആശുപത്രിയിലും പരിയാരത്തുമായി ചികില്‍സയിലായിരുന്നു ജയരാജന്‍. ഒരുമാസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത ജയരാജനെ ശാരീരിക അവശതകള്‍ ബോധ്യപ്പെട്ടതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി പരിയാരത്തേക്കു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it