Flash News

ആര്‍എസ്എസ് ക്യാംപില്‍ പ്രണബ് മുഖര്‍ജിക്ക് എന്താണ് കാര്യം? ഉത്തരം മുട്ടി കോണ്‍ഗ്രസ്

ആര്‍എസ്എസ് ക്യാംപില്‍ പ്രണബ് മുഖര്‍ജിക്ക് എന്താണ് കാര്യം? ഉത്തരം മുട്ടി കോണ്‍ഗ്രസ്
X

ന്യൂദല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍.എസ്.എസ്) നാഗ്പൂരിലെ ആസ്ഥാനത്ത് നടക്കുന്ന ക്യംപില്‍  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗിക്കാനെത്തുന്നു. ജൂണ്‍ 7ന് നടക്കുന്ന ആര്‍എസ്എസ് പ്രചാരകുമാരുടെ പരിശീലന ക്യാംപിലാണ് പ്രണബ് പ്രസംഗിക്കാനെത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി പരിശീലനം സിദ്ധിച്ച് ആര്‍എസ്എസ് കേഡര്‍മാര്‍ക്കു മുന്നില്‍ പ്രസംഗിക്കാനെത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 45 വയസിന് താഴെയുള്ള 800ഓളം ആര്‍എസ്എസ് കേഡര്‍മാരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസിനെതിരേ ഒരു വശത്ത് ശക്തമായ പ്രചരണം നടത്തിക്കൊണ്ടിരിക്കേയാണ് സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാംപില്‍ പ്രണബ് പ്രസംഗിക്കാനെത്തുന്നത്. പ്രണബിന്റെ വരവ് സംഘപരിവാരം ആഘോഷമാക്കിയിരിക്കേ മറുപടി പറയാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.


പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന കാര്യം പ്രണബിന്റെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥനും ഉന്നത ആര്‍എസ്എസ് നേതാവും സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ പ്രണബ് സംബന്ധിക്കുമെന്നും രണ്ടു ദിവസം നാഗ്പൂരില്‍ തങ്ങുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. നേരത്തേ ഒടിസി എന്ന പേരില്‍ എന്നറിയപ്പെട്ടിരുന്ന തൃതീയ വര്‍ഷ് സംഘ് ശിക്ഷക് വര്‍ഗിന്റെ അവസാന വര്‍ഷ ക്യാംപിലാണ് പ്രണബ് എത്തുന്നത്. ഈ ക്യാംപ് പൂര്‍ത്തിയാക്കുന്നവരാണ് ആര്‍എസ്എസിന്റെ മുഴുസമയ പ്രചാരകുമാരായി മാറുക. പൊതുവേ സംഘപരിവാരവുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് ഇത്തരം ക്യാംപുകളില്‍ സംസാരിക്കുക. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കേഡര്‍മാരെ അഭിസംബോധന ചെയ്യുന്നതിന് ക്യാംപിലെത്തിയിരുന്നു.

82 വയസുകാരനായ പ്രണബ് 1969ല്‍ ഇന്ധിരാഗാന്ധിയുടെ കാലത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുണ്ട്. മാറിവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍, ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വിവിധ വകുപ്പുകളില്‍ കേന്ദ്ര മന്ത്രി പദവി വഹിച്ചയാളാണ്. ഇന്ധിരയുടെ വധത്തിന് ശേഷം, 1986ല്‍ പ്രണബ് കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍, 1989ല്‍ വീണ്ടും തിരിച്ചുവന്നപ്പോള്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു. 2012- മുതല്‍ 2017വരെയാണ് ഇന്ത്യയുടെ പ്രസിഡന്റ് പദവി വഹിച്ചത്.

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായി വര്‍ഷങ്ങളായി പ്രണബിന് നല്ല ബന്ധമാണുള്ളതെന്നും പ്രണബ് രാഷ്ട്രപതിയായിരിക്കെ ഭാഗവതിനെ രണ്ടു മൂന്ന് തവണ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുന്‍രാഷ്ട്രപതിയുടെ ഓഫിസ് വൃത്തങ്ങള്‍  പറയുന്നു. 2012വരെ കോണ്‍ഗ്രസിലെ നയരൂപീകരണത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചിരുന്നയാളാണ് കോണ്‍ഗ്രസ്.

2015 ഡിസംബറില്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടതിന് പിന്നാലെ ഭാഗവത് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യോഗത്തിലെ അജണ്ടയെന്ത് എന്നതിനെക്കുറിച്ച് അന്ന് തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ദീപാവലി ആശംസിക്കാനാണ് ആര്‍എസ്എസ് നേതാവ് എത്തിയതെന്നും പ്രണബിന് സംഘപരിവാര ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ സമ്മാനിച്ചതായും അന്ന് ആര്‍എസ്എസ് വ്യക്തമാക്കി. 2017 ജൂണിലാണ് മറ്റൊരു കൂടിക്കാഴ്ച്ച നടന്നത്. പ്രണബ് രാഷ്ട്രപതി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.

സംഘപരിവാര ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവരെ വിവിധ പാര്‍ട്ടികളുടെ പ്രധാന സ്ഥാനങ്ങളിലേക്ക് തന്ത്രപരമായി റിക്രൂട്ട് ചെയ്യുകയോ മറ്റു പാര്‍ട്ടി നേതാക്കളെ തങ്ങളുടെ ആശയങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്ത് തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് ദീര്‍ഘകാലമായി പയറ്റി വരുന്ന തന്ത്രമാണ്.
Next Story

RELATED STORIES

Share it