Flash News

ആര്‍എസ്എസ് ആസ്ഥാനത്ത് പ്രസംഗിക്കാനൊരുങ്ങി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍എസ്എസ്) നാഗ്പൂരിലെ ആസ്ഥാനത്തു നടക്കുന്ന ക്യാംപില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസംഗിക്കാനെത്തുന്നു. ജൂണ്‍ 7നു നടക്കുന്ന ആര്‍എസ്എസ് പ്രചാരകുമാരുടെ പരിശീലന ക്യാംപിലാണ് പ്രണബ് പ്രസംഗിക്കാനെത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി പരിശീലനം സിദ്ധിച്ച ആര്‍എസ്എസ് കാഡര്‍മാര്‍ക്കു മുന്നില്‍ പ്രസംഗിക്കാനെത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 45 വയസ്സിന് താഴെയുള്ള 800ഓളം ആര്‍എസ്എസ് കാഡര്‍മാരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസിനെതിരേ ഒരുവശത്ത് ശക്തമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കെയാണ് സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാംപില്‍ പ്രണബ് പ്രസംഗിക്കാനെത്തുന്നത്. പ്രണബിന്റെ വരവ് സംഘപരിവാരം ആഘോഷമാക്കിയിരിക്കെ മറുപടി പറയാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
പരിപാടിയില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന കാര്യം പ്രണബിന്റെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥനും ഉന്നത ആര്‍എസ്എസ് നേതാവും സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ പ്രണബ് സംബന്ധിക്കുമെന്നും രണ്ടുദിവസം നാഗ്പൂരില്‍ തങ്ങുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് സ്ഥിരീകരിച്ചു. നേരത്തേ ഒടിസി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃതീയ വര്‍ഷ് സംഘ് ശിക്ഷക് വര്‍ഗിന്റെ അവസാന വര്‍ഷ ക്യാംപിലാണ് പ്രണബ് എത്തുന്നത്. ഈ ക്യാംപ് പൂര്‍ത്തിയാക്കുന്നവരാണ് ആര്‍എസ്എസിന്റെ മുഴുസമയ പ്രചാരകുമാരായി മാറുക. പൊതുവെ സംഘപരിവാരവുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് ഇത്തരം ക്യാംപുകളില്‍ സംസാരിക്കുക. കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കാഡര്‍മാരെ അഭിസംബോധന ചെയ്യുന്നതിന് ക്യാംപിലെത്തിയിരുന്നു.
82 വയസ്സുകാരനായ പ്രണബ് 1969ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ വിവിധ വകുപ്പുകളില്‍ കേന്ദ്രമന്ത്രിപദവി വഹിച്ചയാളാണ്. ഇന്ദിരയുടെ വധത്തിനു ശേഷം 1986ല്‍ പ്രണബ് കോണ്‍ഗ്രസ് വിട്ട് രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍, 1989ല്‍ വീണ്ടും തിരിച്ചുവന്നപ്പോള്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയായിരുന്നു.
2012 മുതല്‍ 2017 വരെയാണ് ഇന്ത്യയുടെ പ്രസിഡന്റ് പദവി വഹിച്ചത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി വര്‍ഷങ്ങളായി പ്രണബിന് നല്ല ബന്ധമാണുള്ളതെന്നും പ്രണബ് രാഷ്ട്രപതിയായിരിക്കെ ഭാഗവതിനെ രണ്ടുമൂന്നു തവണ രാഷ്ട്രപതിഭവനിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മുന്‍ രാഷ്ട്രപതിയുടെ ഓഫിസ് വൃത്തങ്ങള്‍ പറയുന്നു. 2012 വരെ കോണ്‍ഗ്രസ്സിലെ നയരൂപീകരണത്തിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചിരുന്നയാളാണ് പ്രണബ് മുഖര്‍ജി.
2015 ഡിസംബറില്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടതിനു പിന്നാലെ ഭാഗവത്, പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിലെ അജണ്ട എന്തായിരുന്നു എന്നതിനെക്കുറിച്ച് അന്നു തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ദീപാവലി ആശംസിക്കാനാണ് ആര്‍എസ്എസ് നേതാവ് എത്തിയതെന്നും പ്രണബിന് സംഘപരിവാര ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ സമ്മാനിച്ചതായും അന്ന് ആര്‍എസ്എസ് വ്യക്തമാക്കി. 2017 ജൂണിലും കൂടിക്കാഴ്ച്ച നടന്നിരുന്നു.
Next Story

RELATED STORIES

Share it