Editorial

ആര്‍എസ്എസ്സിന്റെ മുഖംമിനുക്കല്‍

ഒരു പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ത്രിദിന പ്രഭാഷണ പരമ്പരയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഹിന്ദുത്വത്തിനു പുതിയൊരു വ്യാഖ്യാനവുമായി വന്നിരിക്കുന്നു. ഹിന്ദുരാഷ്ട്രം എന്നതിന്റെ നിര്‍വചനത്തില്‍ മുസ്‌ലിംകളും ഉള്‍പ്പെടുമെന്നും അവര്‍ ഇല്ലാത്ത ഹിന്ദുത്വമില്ല എന്നുമാണ് പരിപാടിയുടെ രണ്ടാം ദിവസം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞിരിക്കുന്നത്. ഇതുവരെ പാശ്ചാത്യവല്‍കൃത മതേതരവാദികളുടെ സൃഷ്ടിയെന്ന് ആരോപിച്ച് സംഘപരിവാരം പുച്ഛിച്ചുതള്ളിയ ഇന്ത്യന്‍ ഭരണഘടന പാവനമാണെന്നും അത് രാജ്യത്തിന്റെ മനസ്സാക്ഷിയാണെന്നും ഭാഗവത് കൂട്ടിച്ചേര്‍ക്കുന്നു. മാത്രമോ, ഭരണഘടനയുടെ ആമുഖത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേര്‍ത്ത മതേതരം, സോഷ്യലിസ്റ്റ് എന്നീ പദങ്ങളും ഇപ്പോള്‍ സംഘത്തലവന്‍ അംഗീകരിക്കുന്നുണ്ട്.
ആര്‍എസ്എസിന്റെ രണ്ടാമത്തെ മേധാവിയായിരുന്ന എം എസ് ഗോള്‍വാള്‍ക്കറുടെ നന്നേ ഇടുങ്ങിയതും മതവര്‍ഗീയത ചുരത്തുന്നതുമായ രാഷ്ട്രവ്യാഖ്യാനത്തില്‍ നിന്ന് എന്തുകൊണ്ടും വ്യത്യസ്തമാണ് മോഹന്‍ ഭാഗവതിന്റെ പുതിയ, സര്‍വസ്പര്‍ശിയായ ഹിന്ദുത്വവ്യാഖ്യാനം എന്നതില്‍ സംശയമില്ല.
2019ല്‍ താരതമ്യേന പ്രതികൂലമായ സാഹചര്യത്തില്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന ഹിന്ദുത്വപരിവാരത്തിനു കൂടുതല്‍ മൃദുലമായ ഒരു പ്രത്യയശാസ്ത്ര മുഖം നല്‍കാനുള്ള ശ്രമം ഈ പരാമര്‍ശങ്ങളില്‍ നമുക്കു വായിക്കാന്‍ കഴിയും. പശുവിന്റെയും മാട്ടിറച്ചിയുടെയും പേരില്‍ ആള്‍ക്കൂട്ട കൊലകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടാസംഘങ്ങള്‍ ആഗോളതലത്തില്‍ രാഷ്ട്രത്തിന് ഉണ്ടാക്കിയ ദുഷ്‌കീര്‍ത്തി ഒട്ടും ചെറുതല്ല. ആ പശ്ചാത്തലത്തില്‍ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്കനുസരിച്ചു കൊലയ്ക്ക് ഇറങ്ങുകയും ന്യൂനപക്ഷവിരുദ്ധ ദുഷ്പ്രചാരണങ്ങളില്‍ മുഴുകുകയും ചെയ്യുന്ന അനുയായികള്‍ക്ക് വ്യത്യസ്തമായ ഒരു സന്ദേശം നല്‍കാന്‍ സംഘമേധാവി ആഗ്രഹിക്കുന്നതുപോലുണ്ട്.
എന്നാല്‍, തൊട്ടുമുമ്പ് ഷിക്കാഗോയില്‍ നടന്ന വിശ്വഹിന്ദു സമ്മേളനത്തില്‍ ആയിരം കൊല്ലമായി ഹിന്ദുക്കള്‍ ദുരിതം അനുഭവിക്കുകയാണെന്നു സങ്കടപ്പെട്ട അതേ ഭാഗവത് തന്നെയാണ്, ബഹുമത സമൂഹത്തെ അംഗീകരിക്കണമെന്ന് ഇപ്പോള്‍ ആഹ്വാനം ചെയ്യുന്നത്. തന്റെ ഡല്‍ഹി പ്രഭാഷണം അവസാനിപ്പിക്കുന്നതിനിടയില്‍, ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണെന്നു പറയാന്‍ അദ്ദേഹം വിസ്മരിച്ചില്ല.
വംശവെറിയും കൈയൂക്കും അടിസ്ഥാനമാക്കുന്ന, അടഞ്ഞ ഒരു പ്രസ്ഥാനത്തിലെ അനേകായിരം അംഗങ്ങള്‍ക്ക് ഭാഗവത് പറയുന്നതുപോലെ പരിവര്‍ത്തനം സാധ്യമാണോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. 1925ല്‍, സഹിഷ്ണുതയും പാരസ്പര്യവും ഏറെയുള്ള ഒരു മതത്തെ മേല്‍ജാതി രാഷ്ട്രീയ ശാക്തീകരണത്തിന്റെ ആയുധമാക്കി മാറ്റാനാണ് ആര്‍എസ്എസ് രൂപീകരിക്കപ്പെട്ടത്. അത് ഉണ്ടാക്കിയ മഹാ ദുരിതങ്ങള്‍ക്ക് ഇന്ത്യാ ചരിത്രം മൂകസാക്ഷിയായി നിലകൊണ്ടു. അതിനാല്‍ തന്നെ മോഹന്‍ ഭാഗവതിനു താന്‍ നയിക്കുന്ന സംഘടനയെ തന്റെ പ്രസംഗത്തിന് അനുസരിച്ചു മാറ്റിയെടുക്കാന്‍ വല്ലാതെ വിയര്‍ക്കേണ്ടിവരും.



Next Story

RELATED STORIES

Share it