Flash News

ആര്‍എസ്എസുമായി ഒത്തുതീര്‍പ്പ്: സിപിഎം പ്രചാരണം തിരിഞ്ഞുകൊത്തുന്നു

കണ്ണൂര്‍: തയ്യിലില്‍ ആര്‍എസ്എസ് നേതാവിനു നേരെയുണ്ടായ വധശ്രമക്കേസ് പണം നല്‍കി പോപുലര്‍ ഫ്രണ്ട് ഒത്തുതീര്‍പ്പാക്കിയെന്ന സിപിഎം പ്രചാരണം തിരിഞ്ഞുകൊത്തുന്നു. കേസില്‍ പ്രതികളായ സജീവ സിപിഎം പ്രവര്‍ത്തകരാണ് ഒത്തുതീര്‍പ്പ് നടത്തിയതെന്നറിയാതെയുള്ള പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം അണികള്‍ക്കിടയിലും അമര്‍ഷത്തിനിടയാക്കി. കേസിലെ പ്രധാന പ്രതികളിലൊരാളും സജീവ സിപിഎം പ്രവര്‍ത്തകനുമായ സിറ്റിയിലെ കുന്നുമ്മല്‍ മുബഷിര്‍ പി ജയരാജനോടൊപ്പം നിന്നെടുത്ത സെല്‍ഫി ചിത്രങ്ങളും പുറത്തുവന്നു. പ്രചാരണം തിരിച്ചടിയായെന്നു ബോധ്യപ്പെട്ടതോടെ, ഒത്തുതീര്‍പ്പായെന്ന് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ വ്യാജ വാര്‍ത്ത പ്രാദേശിക സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കില്‍ നിന്നു പിന്‍വലിച്ചു. 2009ല്‍ തീരദേശ മേഖലയായ കണ്ണൂര്‍ സിറ്റിയിലെ തയ്യിലില്‍ ആര്‍എസ്എസ് നടത്തിയ അക്രമങ്ങള്‍ക്കിടെയാണ് മണ്ഡലം കാര്യവാഹകായിരുന്ന തയ്യില്‍ ഐശ്വര്യയിലെ ശശാങ്കന് കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്തു വച്ച് വെട്ടേറ്റത്. ആറു പേര്‍ പ്രതികളായ കേസില്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിവിധി പറയുന്നതിനു മുമ്പാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി സിപിഎം പ്രവര്‍ത്തകന്‍ മുബഷിറും അനുഭാവി ഹിശാമും അഭിഭാഷകന്‍ മുഖേന ആര്‍എസ്എസ് നേതാവ് ശശാങ്കനെ ബന്ധപ്പെട്ടത്. കടലായി ശ്രീകൃഷ്ണ ക്ഷേത്രോല്‍സവ വേളയില്‍ മുസ്‌ലിംകളെ പേരു ചോദിച്ച് മര്‍ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് മുസ്‌ലിം വീടുകള്‍ക്കും നഗരത്തിലെ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെയും ആര്‍എസ്എസ് വ്യാപക ആക്രമണം നടത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ശശാങ്കന് വെട്ടേറ്റത്. ആറു പേര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ പറമ്പത്ത് ജംഷീര്‍ എന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഉള്‍പ്പെടും. മുബഷിറിന് പി ജയരാജന്‍ തന്നെയാണ് ഹാരമണിയിച്ച് സിപിഎം അംഗത്വം നല്‍കിയത്. കേസ് വിചാരണ തുടങ്ങിയതോടെ ഹിശാമും മുബഷിറും ചേര്‍ന്ന് സിപിഎം പ്രാദേശിക നേതാക്കളുടെ സമ്മതത്തോടെ ആര്‍എസ്എസുമായി പണം നല്‍കി ഒത്തുതീര്‍പ്പിനു ശ്രമിക്കുകയായിരുന്നു. സംഭവസമയം കണ്ണൂര്‍ സിറ്റി എസ്‌ഐയായിരുന്ന ഇപ്പോഴത്തെ ടൗണ്‍ സിഐ ടി കെ രത്‌നകുമാറിനെ കോടതി വിസ്തരിച്ചപ്പോഴാണ് ഒത്തുതീര്‍പ്പ് ധാരണ പുറത്തറിഞ്ഞത്. സിപിഎം പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്ന ധാരണയില്ലാതെ സിപിഎം സിറ്റി മേഖലയിലെ പ്രാദേശിക നേതാവാണ് സംഭവം വളച്ചൊടിച്ച് ആര്‍എസ്എസ്-പോപുലര്‍ ഫ്രണ്ട് ഒത്തുതീര്‍പ്പെന്നു പ്രചരിപ്പിച്ചത്. സിപിഎം മുഖപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ ജില്ലാ സെക്രട്ടറി പി ജയരാജനും വിഷയം ഏറ്റെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതോടെ സിപിഎം പ്രവര്‍ത്തകരായ മുബഷിറും ഹിശാമും വെട്ടിലായി. പ്രാദേശിക നേതാവുമായി ബന്ധപ്പെട്ട് നിജസ്ഥിതി വ്യക്തമാക്കിയതോടെ അദ്ദേഹം ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഇതിനിടെ, ഇക്കഴിഞ്ഞ റമദാന്‍ മാസത്തിനു ശേഷം കണ്ണൂര്‍ സിറ്റി മാപ്പിളബേയില്‍ സിപിഎം നടത്തിയ മാപ്പിള കലാമേളയില്‍ സജീവമായി പ്രവര്‍ത്തിച്ച മുബഷിറും സംഘവും പി ജയരാജനോടൊപ്പം എടുത്ത സെല്‍ഫി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. പോപുലര്‍ ഫ്രണ്ടിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ച് ഒടുവില്‍ സംഭവം തിരിഞ്ഞുകൊത്തിയതോടെ ജാള്യം മറയ്ക്കാനാവാതെ ജില്ലാ നേതൃത്വം മൗനം പാലിക്കുകയാണ്.
Next Story

RELATED STORIES

Share it