ആര്‍എസ്എസും സര്‍ക്കാരും ഗൂഢാലോചന നടത്തി: കോടിയേരി

കണ്ണൂര്‍/കൊച്ചി: ആര്‍എസ്എസും കേരള സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പി ജയരാജനെ കതിരൂര്‍ കേസില്‍ പ്രതിചേര്‍ത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേന്ദ്രം ഭരിക്കുന്ന ആര്‍എസ്എസ്-ബിജെപി നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ സിബിഐ നടത്തിയ തിരക്കഥയാണ് ഈ പ്രതിചേര്‍ക്കല്‍. ജയരാജന് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തുകയും സിബിഐ അക്കാര്യം കോടതിയില്‍ പറയുകയും ചെയ്തിരുന്നു. ഇന്നലെ വരെ പ്രതിയല്ലാത്തയാളെ പൊടുന്നനെ പ്രതിയാക്കിയത് രാഷ്ട്രീയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥ കണ്ണൂരിലെത്തുന്ന ദിവസം തന്നെ പ്രതിചേര്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. അത് അതേപടി സിബിഐ അനുസരിച്ചു.
3000 സിപിഎം പ്രവര്‍ത്തകരെയാണ് നേരത്തെ കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലിലടയ്ക്കുകയോ ചെയ്തത്. ഇപ്പോള്‍ യുഎപിഎ ചുമത്തി നേതാക്കളെ ജയിലിലടയ്ക്കുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ വിളിച്ച് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് ജയരാജനെ പ്രതിചേര്‍ത്തത്. ഇത്തരം നടപടികള്‍ കൊണ്ടൊന്നും സിപിഎമ്മിനെ തകര്‍ക്കാനാവില്ല. അഭിഭാഷകരുമായി ആലോചിച്ച് നിയമപരമായി കേസ് നേരിടുമെന്നും കോടിയേരി പറഞ്ഞു.

പി ജയരാജനെ പ്രതിയാക്കിയതിനു പിന്നില്‍ ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തിയായാണ് കേസില്‍ സിബിഐയുടെ പ്രവര്‍ത്തനം. ജയരാജനോട് ആര്‍എസ്എസിന് മുന്‍വൈരാഗ്യം ഉണ്ട്. മനോജ് വധക്കേസില്‍ യുഎപിഎയിലെ വകുപ്പുകള്‍ക്ക് പുറമെ ജയരാജനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയത് ജാമ്യം ലഭിക്കാതിരിക്കാനാണ്. അന്വേഷണത്തില്‍ വസ്തുതകള്‍ വെളിപ്പെടുന്നതിന് മുമ്പെ യുഎപിഎ നിയമം ചുമത്തിയ സംസ്ഥാനത്തെ ആദ്യ കേസാണിതെന്നും പിണറായി പറഞ്ഞു.
അതേസമയം, പി ജയരാജനെതിരായ സിബിഐ നടപടി രാഷ്ട്രീയമായി നേരിടുമെന്ന പിണറായി വിജയന്റെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമപരമായാണ് കേസ് നേരിടേണ്ടത്. സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. സമാധാനപരമായ ജീവിതമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യ രീതിയില്‍ ആര്‍ക്കും എന്ത് പ്രശ്‌നവും ഉന്നയിക്കാം. പക്ഷെ അക്രമരാഷ്ട്രീയം അനുവദിക്കാനാവില്ല. തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങള്‍ എല്ലാം അറിയുന്നവരാണെന്നും അതിനനുസരിച്ചുള്ള വിധിയെഴുത്താവും വരുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it