ആര്‍എസ്എസും വെള്ളാപ്പള്ളിയും സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു: പിണറായി

ആലപ്പുഴ: സംസ്ഥാനത്ത് ആര്‍എസ്എസും വെള്ളാപ്പള്ളിയും സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി സിപിഎം പിബി അംഗം പിണറായി വിജയന്‍. ഇത് എന്തുവില കൊടുത്തും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള യാത്രയ്ക്ക് ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെയും അക്കൗണ്ട് തുറക്കാനുള്ള തത്രപ്പാടിലാണ് ആര്‍എസ്എസ്. അതിന് വേണ്ടി എസ്എന്‍ഡിപി യോഗത്തെ സമീപിക്കുകയും വെള്ളാപ്പള്ളിയുടെ മകന് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷം എസ്എന്‍ഡിപി പ്രവര്‍ത്തകരും വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാടിന് എതിരാണെന്നും പിണറായി പറഞ്ഞു.
സാമുദായിക ഐക്യം തകര്‍ത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ആര്‍എസ്എസ് ശ്രമം എന്തുവില കൊടുത്തും ചെറുക്കും. സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. കയര്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ തകര്‍ച്ചയിലാണ്. യുവാക്കള്‍ക്ക് വേണ്ടത്ര തൊഴിലവസരങ്ങളില്ലാത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍ യുവത്വം ചെലവഴിക്കേണ്ട ഗതികേടിലാണ്. ഇതിന് പരിഹാരം കാണാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തന്റെ സ്ഥാനത്തെയും ജനങ്ങളെയും ചതിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടരുന്നത്. ഒരു സ്ത്രീക്ക് ബിസിനസ് ആരംഭിക്കാന്‍ കൈക്കൂലി സ്വീകരിച്ച നേതാക്കള്‍ക്കെതിരേ യുഡിഎഫ് എന്ത് നടപടി സ്വീകരിച്ചുവെന്നും പിണറായി ചോദിച്ചു.
നിയമവും ജനാധിപത്യ കീഴ്‌വഴക്കവും പാലിക്കാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി തുറവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു. വഞ്ചനയും കുതികാല്‍വെട്ടുമാണ് യുഡിഎഫ് ഭരണത്തിന്റെ നേട്ടം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ കൈക്കൂലി നല്‍കേണ്ട അവസ്ഥയാണെന്നും പിണറായി പറഞ്ഞു. എ എം ആരിഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it