Flash News

ആര്‍എസ്എസിനെ മുന്നില്‍ നിര്‍ത്തി ചര്‍ച്ചയ്ക്ക് നീക്കം

എ  എം  ഷമീര്‍  അഹ്മദ്

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനെപോലും തിരഞ്ഞെടുക്കാന്‍ കഴിയാത്ത തരത്തില്‍ ബിജെപിയില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെങ്കിലും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് പ്രധാന അജണ്ട. കുമ്മനം രാജശേഖരന്‍ അധ്യക്ഷപദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നേതൃതലത്തിലെ വിഭാഗീയതമൂലം സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് സംസ്ഥാനഘടകവുമായി ചര്‍ച്ചനടത്തി സമവായത്തിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കാനാണ് അമിത് ഷായുടെ നീക്കം. രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ 12ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച കോര്‍ കമ്മിറ്റി നേതാക്കളുടെ പ്രത്യേക യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ ഇടപെടല്‍ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതുസംബന്ധിച്ച് അമിത് ഷാ നേതാക്കളോട് വിശദീകരണം തേടിയേക്കും.
ബിജെപിയുടെ സംസ്ഥാന നേതൃനിരയെ പൂര്‍ണമായും ഒഴിവാക്കി അനൗദ്യോഗിക കൂടിക്കാഴ്ചയാവും ആര്‍എസ്എസ് നേതൃത്വവുമായി അമിത് ഷാ നടത്തുക. കുമ്മനം രാജശേഖരനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്നു നീക്കിയതില്‍ സംഘത്തിനു വലിയ പ്രതിഷേധമുണ്ട്.
മാത്രമല്ല, വിഭാഗീയത പരിഹരിക്കുന്നതിനായി ആര്‍എസ്എസ് പ്രാന്തകാര്യ സമിതി ബിജെപിയുടെ ദേശീയ നേതൃത്വത്തിനു നല്‍കിയ ശുപാര്‍ശകള്‍ പരിഗണിക്കാത്തതിലും അതൃപ്തിയുണ്ട്. അതിനാലാണ് ബിജെപിയില്‍ പ്രശ്‌നം ഇത്രത്തോളം വഷളായിട്ടും ആര്‍എസ്എസ് നേതൃത്വം ഇടപെടാത്തത്. കുമ്മനത്തിന്റെ മാതൃകയില്‍ തന്നെ ആര്‍എസ്എസ് തലപ്പത്തുനിന്ന് ഒരാളെ അധ്യക്ഷനാക്കാനുള്ള നീക്കം നടന്നെങ്കിലും സംഘം സഹകരിക്കാതെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെയാണ് അമിത് ഷാ നേരിട്ടെത്തി ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനാണ് അമിത്ഷായ്ക്ക് താല്‍പര്യം. എന്നാല്‍, സംഘത്തിന് സുരേന്ദ്രനോട് മതിപ്പില്ല. കൃഷ്ണദാസ് പക്ഷത്തെ എം ടി രമേശിനെ പ്രസിഡന്റായി നിര്‍ദേശിക്കാനും സംഘം തയ്യാറാകാനിടയില്ല.
ആര്‍എസ്എസിനെ മുന്‍നിര്‍ത്തി സമവായമാണ് അമിത് ഷാ ലക്ഷ്യംവയ്ക്കുന്നത്. ദേശീയ സെക്രട്ടറി ബി എല്‍ സന്തോഷിനെ കേരളത്തിന്റെ ചുമതലയില്‍ നിന്നു നീക്കണമെന്നുള്ളതാണ് ആര്‍എസ്എസിന്റെ പ്രധാന ആവശ്യം.
ബി എല്‍ സന്തോഷ് ചുമതലയേറ്റ ശേഷമാണ് പ്രശ്‌നം ഇത്രയും രൂക്ഷമായതെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി നേതൃനിരയിലെ അഴിച്ചുപണി, നയപരമായ തീരുമാനങ്ങളില്‍ സംഘത്തിന്റെ അനുമതി കൂടി തേടണമെന്നുമാണ് മറ്റു രണ്ടു നിര്‍ദേശങ്ങള്‍.
Next Story

RELATED STORIES

Share it