ആര്‍എസ്എസിനെ ചെറുക്കാന്‍ സിപിഎമ്മിനാവില്ല: ആന്റണി

തിരുവനന്തപുരം: ആര്‍എസ്എസിനെ ചെറുക്കാന്‍ സിപിഎമ്മിനാവിെല്ലന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തിയ എ കെ ആന്റണി ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കുമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പറയുന്നത്. വടക്കേ ഇന്ത്യയില്‍ മേല്‍വിലാസംപോലുമില്ലാത്തവര്‍ എങ്ങനെ രാജ്യവ്യാപകമായി ആര്‍എസ്എസും ബിജെപിയും നടത്തുന്ന അതിക്രമങ്ങളെ നേരിടുമെന്നും ആന്റണി ചോദിച്ചു.
ത്രിപുരയില്‍ മാത്രമാണ് സിപിഎമ്മുള്ളത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തിലുള്ള കടന്നാക്രമണങ്ങളെ ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. 17 മാസം മുമ്പ് ഡല്‍ഹിയില്‍ ഉദിച്ചത് സൂര്യനായിരുന്നില്ല, ധൂമകേതുവായിരുന്നുവെന്നും ആന്റണി കുറ്റപ്പെടുത്തി.
ഹിറ്റ്‌ലര്‍ പണ്ട് നടപ്പാക്കിയിരുന്ന കാര്യങ്ങളാണ് ആര്‍എസ്എസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉത്തരേന്ത്യയില്‍ ജീവിക്കാന്‍ ഭയമാണെന്നും ആന്റണി പറഞ്ഞു. രാജ്യമാകെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. എന്തു കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, ഏതു ഭാഷ പറയണം ഇതെല്ലാം നിശ്ചയിക്കുന്നത് ആര്‍എസ്എസും ബിജെപിയും സംഘപരിവാര ശക്തികളുമാണ്. യുപിയിലെ മുസാഫര്‍നഗര്‍, ദാദ്രി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുണ്ടായത് പൈശാചികസംഭവങ്ങളാണ്. ആട്ടിറച്ചി കഴിച്ചയാളെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് അരുംകൊലചെയ്യുന്നു. ദലിത് കുരുന്നുകളെ ചുട്ടെരിക്കുന്നു. കശ്മീരില്‍ 66 വര്‍ഷം ഭീകരവാദികള്‍ക്കു ചെയ്യാന്‍ കഴിയാത്തതാണ് മോദി ഇപ്പോള്‍ ചെയ്യുന്നത്. രാജ്യം മഹാവിപത്തിലേക്കാണു നീങ്ങുന്നതെന്നും ആന്റണി മുന്നറിയിപ്പുനല്‍കി. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെങ്കിലും അവരെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണ്.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാണ് കേരളീയര്‍. പക്ഷേ, കേരളത്തില്‍ അതുണ്ടായാല്‍ ഇതിനേക്കാള്‍ ആപത്താണ്. വടക്കേ ഇന്ത്യയില്‍ ആര്‍എസ്എസ് അഴിച്ചുവിട്ട മതവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വര്‍ഗീയ വിഷക്കാറ്റ് കേരളത്തില്‍ ആഞ്ഞുവീശാന്‍ അനുവദിക്കരുതെന്നും ആന്റണി ആവശ്യപ്പെട്ടു. സിപിഎം ഏതു കാലഘട്ടത്തിലാണു ജീവിക്കുന്നതെന്നും അവര്‍ക്കു സ്ഥലജലവിഭ്രാന്തിയാണെന്നും ആന്റണി പറഞ്ഞു. നവീകരണമില്ലാത്ത പ്രസ്ഥാനമാണ് സിപിഎം. അത്തരം പ്രസ്ഥാനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍പ്പോവും. കാരായിമാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോയെന്നു കുറ്റപ്പെടുത്തിയ ആന്റണി ഇതിലൂടെ എന്തു സന്ദേശമാണ് സിപിഎം നല്‍കുന്നതെന്നും ചോദിച്ചു. പാര്‍ട്ടിക്കാര്‍ എന്തു തെറ്റു ചെയ്താലും പാര്‍ട്ടി അവരെ സംരക്ഷിക്കുമെന്ന സന്ദേശമാണ് സിപിഎം കരായിമാരുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ നല്‍കുന്നത്. ഇടതുപക്ഷം അവസാനിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഇടതുമുന്നണിക്ക് അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്നും ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it