ആര്‍എസ്എസിനെതിരായ പരാമര്‍ശം: രാഹുലിനെതിരേ കുറ്റം ചുമത്തി

താനെ (മഹാരാഷ്ട്ര): മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്നു പറഞ്ഞതിനെതിരേ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ കോടതി കുറ്റം ചുമത്തി. ആഗസ്ത് പത്തിനാണ് വിചാരണാ നടപടികള്‍ ആരംഭിക്കുക.
കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ കുറ്റങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് രാഹുലിനോട് കോടതി ആരാഞ്ഞിരുന്നു. താന്‍ കുറ്റക്കാരനല്ലെന്ന് രാഹുല്‍ മറുപടിയും നല്‍കി. പരമാവധി രണ്ടു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്.  തനിക്കെതിരേ എത്ര കേസുകള്‍ വേണമെങ്കിലും ചാര്‍ത്താന്‍ ബിജെപിയെയും ആര്‍എസ്എസിനെയും അനുവദിക്കണമെന്നും ആശയസമരമാണ് നമ്മുടേതെന്നുമായിരുന്നു രാഹുല്‍ കോടതി ഉത്തരവിനോട് പ്രതികരിച്ചത്. ഇതിനോട് പോരാടി വിജയിക്കുമെന്നും കോടതിക്കു പുറത്ത് മാധ്യമങ്ങളോട് രാഹുല്‍ പറഞ്ഞു.
2014 മാര്‍ച്ച് 6ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്ന് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്.
മഹാത്മാഗാന്ധിയെ കൊന്ന ആര്‍എസ്എസിന്റെ ആളുകള്‍ ഇപ്പോള്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞുനടക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ കോടതിയെ സമീപിച്ചത്. നേരത്തേ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ രാഹുല്‍ നല്‍കിയ ഹരജി തള്ളിയിരുന്നു.
Next Story

RELATED STORIES

Share it