Flash News

ആര്‍എസ്എസിനു കേരളത്തെ കീഴ്‌പ്പെടുത്താനാവില്ല: പിണറായി



ന്യൂഡല്‍ഹി: ആര്‍എസ്എസിനു കേരളത്തെ കീഴ്‌പ്പെടുത്താനാവില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്രമന്ത്രിമാരും ആര്‍എസ്എസ് നേതാക്കളും സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണെന്നും പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ കണ്ണൂരില്‍ പദയാത്ര നടത്തുമ്പോള്‍ അവിടെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നു നാട്ടുകാരോട് ചോദിച്ചറിയണമെന്നും പിണറായി പറഞ്ഞു. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ മോഹനന്റെ ചരമവാര്‍ഷികം ഈ മാസം 10നാണ്. അമിത്ഷായുടെ പ്രചാരണ പരിപാടി ആരംഭിക്കുന്ന പയ്യന്നൂരിലാണ് ധന്‍രാജ് എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ കൊലപാതക രാഷ്ട്രീയത്തില്‍ മുഴുകിയ മാവോവാദികളുടെ ഭാഗമാണെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ ആരോപണത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേരളത്തെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയെന്നോണമാണ് മന്ത്രി ജാവ്‌ദേക്കറുടെ വാക്കുകളെയും കാണേണ്ടത്. ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ് താന്‍ എന്ന മട്ടിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഫെഡറല്‍ തത്ത്വങ്ങള്‍ക്കു വിഘാതമാകുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തുന്നത് ന്യായീകരിക്കാനാവില്ല. കൊലപാതക രാഷ്ട്രീയത്തില്‍ വ്യാപൃതരായിരിക്കുന്ന മാവോവാദികളുടെ ഭാഗമാണ് കേരളത്തിലെ ഇടതു സര്‍ക്കാരെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഇന്നലെ ആരോപിച്ചത്. സിപിഎം എന്നൊക്കെ കേരളത്തില്‍ അധികാരത്തിലേക്കു തിരിച്ചെത്തിയിട്ടുണ്ടോ അപ്പോഴെല്ലാം കൊലപാതക രാഷ്ട്രീയം ആരംഭിക്കുന്നു. സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടു കൂടിയാണെന്നും ജാവ്‌ദേക്കര്‍ ആരോപിച്ചു. സിപിഎമ്മിനെ മാവോവാദികളുമായി ഉപമിച്ചത് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ അജ്ഞത മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കമ്മ്യൂണിസം എന്താണെന്ന് ജാവ്‌ദേക്കര്‍ പഠിക്കട്ടെ. ആര്‍എസ്എസിനെയും മുസ്‌ലിം തീവ്രവാദത്തെയും സര്‍ക്കാര്‍ ഒരുപോലെ എതിര്‍ക്കുമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു. അതിനിടെ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത് തീക്കളിയാണെന്ന് ആര്‍എസ്എസ് നേതാവ്  രാകേഷ് സിന്‍ഹ പറഞ്ഞു. ജിഹാദി ഭീകരര്‍ക്ക് കേരള സര്‍ക്കാര്‍ താവളമൊരുക്കി അഭയം നല്‍കുകയാണ്. പോപുലര്‍ ഫ്രണ്ടുമായുള്ള കൂട്ടുകെട്ട് ഇതിനു തെളിവാണെന്നും സിന്‍ഹ ആരോപിച്ചു.
Next Story

RELATED STORIES

Share it