ആര്‍എല്‍വി കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം; രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാര സംഘടനകള്‍ കഥ മെനയുന്നുവെന്ന്

തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളജിലെ ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് സംഘപരിവാര സംഘടനകള്‍ കഥ മെനഞ്ഞ് രാഷ്ട്രീയ നേട്ടം കൊയാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമാവുന്നു. പെണ്‍കുട്ടിയുടെ പേരില്‍ കോളജ് മതിലിലും ഹോസ്റ്റലിലും ഒരു യുവാവിനെ ചേര്‍ത്ത് അസഭ്യം എഴുതിയതു സംബന്ധിച്ച് കോളജ് അധികൃതര്‍ക്കു പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മാനസികപീഡനം ഏല്‍ക്കേണ്ടിവന്ന കാരണത്താല്‍ പെണ്‍കുട്ടി അമിതമായി ഗുളിക കഴിച്ച് ഈ മാസം എട്ടിന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സംഭവം വച്ച് രാഷ്ട്രീയലാഭം കൊയ്യാന്‍ സംഘപരിവാര സംഘടനകള്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിനു പിന്നില്‍ എസ്എഫ്‌ഐയും കോളജിലെ ഏതാനും അധ്യാപകരും ആണെന്നാണു സംഘപരിവാരം ആരോപിക്കുന്നത്. സംഭവത്തിന്റെ പേരില്‍ നടന്ന സംഘപരിവാര മാര്‍ച്ചിലും മറ്റും പങ്കെടുക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നുള്ളവരെത്തി. രോഹിത് വെമുല സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ബിജെപിയെ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം ഉയര്‍ത്തി രക്ഷിക്കാനാണു സംഘപരിവാര ലക്ഷ്യം.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തിനു കാരണക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപിയും സംഘപരിവാര സംഘടനകളും തൃപ്പൂണിത്തുറ സിഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പോലിസ് സ്‌റ്റേഷന് 15 മീറ്റര്‍ മാത്രം അകലെ പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിന് മുമ്പില്‍ പോലിസ് തടഞ്ഞു. പോലിസ് പിരിഞ്ഞുപോവാന്‍ പറഞ്ഞെങ്കിലും അറസ്റ്റ് ചെയ്ത് നീക്കണമെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു. പോലിസ് ഇതിനു തയ്യാറാവുന്നില്ല എന്നു കണ്ടതോടെ സംഘര്‍ഷാവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഘപരിവാരവും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണു സംഘപരിവാരം പറയുന്നത്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജിലുള്ള പെണ്‍കുട്ടിയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥിനിയെ മനോരോഗ ചികില്‍സയ്ക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് വിദ്യാര്‍ഥിനിയെ മനോരോഗിയാക്കി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും പോലിസും ചേര്‍ന്ന് വിദ്യാര്‍ഥിനിയോട് കേസ് പിന്‍വലിക്കാന്‍ പറഞ്ഞതായും ഇവര്‍ ആരോപിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും ആരോപണംമൂലം ഡിസ്ചാര്‍ജ് റദ്ദാക്കിയതായും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ജിജി ജേക്കബ് തോമസ് പറഞ്ഞു.
ആത്മഹത്യാ പ്രവണതയുള്ളവരെ മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി മനോരോഗവിദഗ്ധന് റഫര്‍ ചെയ്യാറുണ്ടെന്നും ഇതു മനോരോഗിയാക്കാനുളള നീക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ബിജെപി അംഗമാണ്. ആര്‍എല്‍വി കോളജില്‍ ആദ്യവര്‍ഷം എസ്എഫ്‌ഐയിലായിരുന്ന കുട്ടി രണ്ടാംവര്‍ഷം എബിവിപിയിലും ചേര്‍ന്നു. ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത് പെണ്‍കുട്ടിയുടെ മൊഴി ലഭിക്കാത്തതുമൂലമാണെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചു എബിവിപി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it