ആര്‍എംപി രാഷ്ട്രീയ പ്രതിസന്ധിയില്‍

സമീര്‍ കല്ലായി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ തട്ടകമായ ഒഞ്ചിയത്ത് മുസ്‌ലിം ലീഗ് പിന്തുണയോടെ അധികാരത്തിലേറിയതിനെ ചൊല്ലി ആര്‍എംപി രാഷ്ട്രീയ പ്രതിസന്ധിയില്‍. എട്ടു സീറ്റുണ്ടായിരുന്ന ആര്‍എംപിക്കായിരുന്നു ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഭരണം. നാലു സീറ്റുള്ള യുഡിഎഫ് വിട്ടുനിന്നതാണ് ഭരണം ലഭിക്കാനിടയാക്കിയത്. ഇത്തവണ ഏഴ് സീറ്റോടെ സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ആര്‍എംപിക്ക് ആറും യുഡിഎഫിന് നാലും സീറ്റുണ്ട്.
ഇതില്‍ ഓരോ പ്രതിനിധികള്‍ വീതമുള്ള ജെഡിയുവും കോണ്‍ഗ്രസ്സും വോട്ടെടുപ്പില്‍നിന്ന് മാറിനിന്നപ്പോള്‍ രണ്ടംഗങ്ങളുള്ള മുസ്‌ലിം ലീഗ് ആര്‍എംപിയെ പിന്തുണച്ചു. ഇതേത്തുടര്‍ന്ന് ആര്‍എംപിയിലെ പി പി കവിത പ്രസിഡന്റും പി ജയരാജന്‍ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലീഗുമായി കൂട്ടൂകൂടിയത് സിപിഎം രാഷ്ട്രീയ ആയുധമാക്കിയത് ആര്‍എംപിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന ചെയര്‍മാന്‍ ടി എല്‍ സന്തോഷ് തന്നെ എതിര്‍ സ്വരവുമായി രംഗത്തെത്തിയതോടെ ഇന്നലെ കോഴിക്കോട് സംസ്ഥാന സമിതിയോഗം ചേര്‍ന്നെങ്കിലും ഭിന്നതയ്ക്ക് പരിഹാരമായിട്ടില്ല. യോഗത്തില്‍ തൃശൂരില്‍ നിന്നുള്ളവരാണ് നേതൃത്വത്തിന്റെ നിലപാട് മാറ്റത്തെ ചോദ്യംചെയ്തത്.
ടി പി ചന്ദ്രശേഖരന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശത്തിന് വിരുദ്ധമാണ് ഒഞ്ചിയത്തെ നടപടിയെന്നാണിവര്‍ വാദിച്ചത്. തൊട്ടടുത്ത ചേറോട് പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണച്ചതും വിവാദമായിട്ടുണ്ട്. ഇരുമുന്നണികള്‍ക്കും ഒമ്പത് വീതം അംഗങ്ങളുള്ള ചേറോട് ആര്‍എംപിയിലെ രണ്ടുപേര്‍ പിന്തുണച്ചതാണ് യുഡിഎഫിന് ഭരണം ലഭിക്കാനിടയാക്കിയത്. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരായിട്ടുണ്ട്. ഒഞ്ചിയം ചേറോട് വിഷയം സിപിഎം പ്രചാരണായുധമാക്കിയതോടെ നിലപാട് വിശദീകരിക്കാന്‍ ആര്‍എംപി നേതൃത്വം പ്രയാസപ്പെടുകയാണ്. ഒഞ്ചിയത്ത് ഭരണത്തില്‍ നിന്ന് മാറിനിന്ന് സിപിഎമ്മിനെ അധികാരത്തിലേറ്റണമോ എന്ന ചര്‍ച്ചയില്‍ ഭൂരിപക്ഷ അഭിപ്രായം ഭരണം സ്വീകരിക്കണമെന്നതായിരുന്നുവെന്നാണ് ആര്‍എംപി നേതാക്കള്‍ പറയുന്നത്.
ഭരണം കയ്യിലില്ലെങ്കില്‍ സിപിഎം അക്രമരാഷ്ട്രീയത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും ഒഞ്ചിയത്ത് അണികളില്‍ ഭൂരിഭാഗത്തിനും അഭിപ്രായമുണ്ട്. എന്നാല്‍, യുഡിഎഫ് ബന്ധം പാര്‍ട്ടി ഇത്രയും കാലം പറഞ്ഞ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നതാണ് ആര്‍എംപി യെ കുഴക്കുന്നത്. അതേസമയം, യുഡിഎഫ് അവിശുദ്ധ ബന്ധം ചൂണ്ടിക്കാട്ടി യഥാര്‍ഥ ഇടതുപക്ഷമാണെന്ന് അവകാശപ്പെടുന്ന ആര്‍എംപിയിലെ അണികളെ അടര്‍ത്തിയെടുക്കാനാണ് സിപിഎം നീക്കം.
Next Story

RELATED STORIES

Share it