kozhikode local

ആര്‍എംപിഐ ലോക്കല്‍ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം



വടകര: ആര്‍എംപിഐ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം. ഇന്നലെ രാവിലെയാണ് ഓഫിസ് തകര്‍ത്തതായി കണ്ടത്. ഓഫിസിന്റെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കപ്പെട്ടു. പൂട്ടുപൊളിച്ച് അകത്തുകയറിയ അക്രമികള്‍ ഓഫിസിനുള്ളിലുണ്ടായിരുന്ന ടിവിയും ഫര്‍ണ്ണിച്ചറുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപിഐ ആരോപിച്ചു. ചോമ്പാല പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഒഞ്ചിയം ഏരിയയില്‍ ആര്‍എംപിയുടെ ഓഫിസുകള്‍ക്കും പ്രചാ രണ സാമഗ്രികള്‍ക്കും നേരെ നിരന്തരം അക്രമം നടക്കുകയാണ്. ആര്‍എംപിഐ ചോറോട് ലോക്കല്‍ കമ്മിറ്റി ഓഫിസ് രണ്ടുതവണ അക്രമിക്കപ്പെട്ടു. ഒഞ്ചിയം ഏരിയയില്‍ നാലുപഞ്ചായത്തുകളിലായി സ്ഥാപിച്ച ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ ദിനത്തിന്റെ ബോര്‍ഡുകളും ബാനറുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഇന്നലെ ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഎമ്മും ആര്‍എംപിഐയും അനുസ്മരണ പരിപാടികള്‍ നടത്തുന്നുണ്ട്. സിപിഎം നടത്തുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പങ്കെടുക്കുന്നത്. ആര്‍എംപിഐയുടേതില്‍ തമിഴ്‌നാട് സെക്രട്ടറി ഗംഗാധറും. രണ്ടു പരിപാടികളും മെയ് നാലിന്റെ ടി പി ചന്ദ്രശേഖരന്‍ അനുസ്മരണവും കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒഞ്ചിയം ഏരിയയിലും വടകര മേഖലയിലും ഉള്ളത്. ഇതിനിടയിലും പാര്‍ട്ടി ഓഫിസ് അക്രമിക്കപ്പെട്ടുവെന്നത് ഗൗരവതരമാണ്. അഞ്ഞൂറിലേറെ സായുധ സേനയെ പ്രദേശത്ത് വിന്യസിക്കുകയും ഉള്‍നാടുകളിലടക്കം പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടും ഒഞ്ചിയത്തെ അക്രമങ്ങള്‍ നിയന്ത്രിക്കുവാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിന് അടുത്താണ് അക്രമിക്കപ്പെട്ട ആര്‍എംപിഐയുടെ ലോക്കല്‍ കമ്മിറ്റി ഓഫിസ്. മാത്രമല്ല. മുഖ്യമന്ത്രി പങ്കെടുക്കുന്നതിന്റെ സമീപപ്രദേശത്തുള്ള മുഴുവന്‍ ആര്‍എംപിഐ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it