kasaragod local

ആര്‍എംഎസ്എ സ്‌കൂളില്‍ അധ്യാപകനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം

കാഞ്ഞങ്ങാട്: കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ആര്‍എംഎസ്എ സ്‌കൂളായി ഉയര്‍ത്തിയ കൂളിയാട്ട് ഗവ. യു പി സ്‌കൂളില്‍ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എട്ട് മുതല്‍ വിദ്യാനഗര്‍ ഡിഡിഇ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരഹാര സമരം നടത്തുന്നു. എസ്എസ്എല്‍സി പരീക്ഷ അടുക്കാറായിട്ടും പത്താം ക്ലാസില്‍ പോലും സ്ഥിരം അധ്യാപകരെ നിയമിക്കാതെ കുട്ടികളുടെ ഭാവി പന്താടുന്ന നയമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ ഉന്നതിക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ്് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം യുപി സ്‌കൂളുകള്‍ ഹൈസ്‌കൂളുകളായി ഉയര്‍ത്തിയത്. 2013 ലാണ് ഈ സ്‌കൂളില്‍ എട്ടാം ക്ലാസ് അനുവദിച്ചത്. 2014ല്‍ ഒമ്പതാം ക്ലാസും 2015 ല്‍ പത്താം ക്ലാസും ആരംഭിച്ചു. മൂന്നു ക്ലാസുകളിലായി ഇപ്പോള്‍ 106 കുട്ടികള്‍ പഠിക്കുന്നുണ്ട്.ഹൈസ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം പ്രധാനാധ്യാപകന് പകരക്കാരനായി ഒരധ്യാപകനെ നിയമിച്ചെങ്കിലും പ്രസ്തുത അധ്യാപകന് ഒരു വര്‍ഷക്കാലം ശമ്പളം ലഭിക്കാതിരുന്നതിനാല്‍ സ്ഥലം മാറി പോവുകയായിരുന്നു. കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷമായി അധ്യാപക രക്ഷാകര്‍തൃസമിതി ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ചാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത്. കഴിഞ്ഞ ജുലൈ 14ന് സംസ്ഥാനത്തെ 30 ആര്‍എംഎസ്എ വിദ്യാലയങ്ങളിലേക്കായി 94 അധ്യാപക തസ്തിക സൃഷ്ടിച്ചുകൊണ്ട് ഉത്തരവിറക്കിയെങ്കിലും ഒരൊറ്റ അധ്യാപകനെപ്പോലും നിയമിക്കാന്‍ അധികാരികള്‍ തയ്യാറായില്ല. 30 വിദ്യാലയങ്ങളിലേക്ക് 94 അധ്യാപകര്‍ അപര്യാപ്തമാണെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്ന് 103 തസ്തികകള്‍ കൂടി അധികമായി അനുവദിക്കുകയും ചെയ്തു. അങ്ങനെ 197 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കുകയും പ്രസ്തുത ഉത്തരവിന്റെ വെളിച്ചത്തില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഈ 30 വിദ്യാലയങ്ങളിലേക്കായി 197 തസ്തിക വീതിച്ചു നല്‍കുകയും ചെയ്തു. അതുപ്രകാരം കുളിയാട് ഗവ. ഹൈസ്‌കൂളിലേക്ക് അഞ്ച് അധ്യാപക തസ്തിക അനുവദിക്കുകയും നിയമനം നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഉത്തരവ് ഇറങ്ങി രണ്ടു മാസമാകാറായിട്ടും ഇതുവരെ അധ്യാപകരെ നിയമിച്ചിട്ടില്ല.
Next Story

RELATED STORIES

Share it