Alappuzha local

ആര്യാട് ബ്ലോക്കില്‍ തൊഴിലുറപ്പ് ജോലികള്‍ സ്തംഭനാവസ്ഥയില്‍

മണ്ണഞ്ചേരി: അക്രഡിറ്റഡ് എന്‍ജിനീയറന്മാരുടെ അഭാവം മൂലം ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലികള്‍ സ്തംഭനാവസ്ഥയില്‍. ഇവിടെയുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാള്‍ അപകടത്തില്‍ മരിക്കുകയും മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാവുകയും ചെയതതോടെയാണ് പദ്ധതി താളംതെറ്റിയത്.
പഞ്ചായത്തുകള്‍ പദ്ധതി അംഗീകരിച്ച് വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലികള്‍ നടത്തുന്നതിനാവശ്യമായ മസ്‌ട്രോളുകള്‍ ബ്ലോക്കില്‍ നിന്നും വാങ്ങിവേണം പദ്ധതി നടപ്പില്‍ വരുത്തേണ്ടത്. ആര്യാട്-മാരാരിക്കുളം തെക്ക് പഞ്ചായത്തുകള്‍ മസ്‌ട്രോളുകള്‍ വാങ്ങാന്‍ തയ്യാറായെങ്കിലും മണ്ണഞ്ചേരി മുന്നോട്ട് വരുന്നില്ലെന്നാണ് ആക്ഷേപം.
പത്രപരസ്യം നല്‍കി അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തി മാത്രമേ അക്രഡിറ്റേഡ് എന്‍ജിനീയര്‍മാരെ നിയമിക്കാവൂ എന്നാണ് ചട്ടം. സര്‍ക്കാര്‍ വ്യവസ്ഥ നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് ബിഡിഒ സനല്‍കുമാര്‍ പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലെ കമ്പ്യൂട്ടറിന്റെ പാസ്‌വേഡ് സൂക്ഷിച്ചിരുന്നത് അപകടത്തില്‍ മരിച്ച ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായ ഷിജി ആയിരുന്നു. ഇവരുടെ വിയോഗത്തെ തുടര്‍ന്ന് തൊഴിലുറപ്പ് വിവരങ്ങളടങ്ങിയ ഫയലുകള്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റാത്തവസ്ഥയിലാണ്.
ഗ്രാമീണ മേലയിലെ ഭൂരിഭാഗം വീട്ടമ്മമാര്‍ക്കും തൊഴിലുറപ്പ് ജോലി ഉപജീവനമാര്‍ഗമാണ്. പദ്ധതി നിലച്ചതോടെ ഒട്ടേറെ കുടുംബങ്ങള്‍ ദുരിതത്തിലായി. മണ്ണഞ്ചേരി പഞ്ചായത്തില്‍ അക്രഡിറ്റിഡ് എന്‍ജിനീയര്‍മാര്‍ ഉണ്ടെങ്കിലും അവരുടെ സേവനം മറ്റു മേഖലകളിലേയ്ക്ക് ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരുടെ കടുംപിടുത്തമാണ് പ്രശ്‌നത്തിന് കാരണമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it