ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ റിലയന്‍സെന്ന് ആരോപണം

സമീര്‍ കല്ലായി

മലപ്പുറം: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ റിലയന്‍സെന്ന് ആരോപണം. അവസാന നിമിഷംവരെ കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടായിരുന്ന കെപിസിസി സെക്രട്ടറി വി വി പ്രകാശ് അട്ടിമറിക്കപ്പെട്ടത് ഈ കോര്‍പറേറ്റ് കമ്പനിയുടെ ഇടപെടല്‍ മൂലമാണെന്ന് പറയപ്പെടുന്നു.
ഷൗക്കത്തിന്റെ പിതാവ് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് റിലയന്‍സ് കമ്പനിയുമായി കരാറുണ്ടാക്കിയത് നേരത്തേ വാര്‍ത്തയായിരുന്നു. കെഎസ്ഇബിയുമായി ഉണ്ടാക്കിയ കരാറില്‍ ഈ കുത്തക കമ്പനി കോടികളാണ് കൊയ്തത്. ഇതിന്റെ പ്രത്യുപകാരമാണ് ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങളിലെ അടക്കംപറച്ചില്‍. റിലയന്‍സ് കമ്പനി ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രകാശിന്റെ പേര് വെട്ടിയെന്നാണ് ആരോപണം. നിലമ്പൂരില്‍ ഷൗക്കത്തിനെ ഉള്‍പ്പെടുത്തണമെന്ന് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്നപ്പോള്‍ നിലമ്പൂരില്‍ ഷൗക്കത്തിനെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് എ കെ ആന്റണിതന്നെ നിര്‍ദേശിക്കുകയായിരുന്നു.
നേരത്തേ ആന്റണി വി വി പ്രകാശിന് സീറ്റ് ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പൊടുന്നനെയുള്ള ആന്റണിയുടെ മലക്കംമറിച്ചില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അടക്കം അമ്പരപ്പിച്ചു. പ്രകാശിന്റെ വിശ്വസ്തന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിഷയത്തില്‍ തന്ത്രപൂര്‍വം മൗനം പാലിക്കുകയും ചെയ്തു. മറു ഗ്രൂപ്പുകാരനാണെങ്കിലും രമേശ് ചെന്നിത്തലയുടെ പിന്തുണ നേരത്തേ തന്നെ ഉറപ്പിക്കാന്‍ ഷൗക്കത്തിനായിരുന്നു. ഒടുവില്‍ കോര്‍പറേറ്റ് കമ്പനിയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന പ്രകാശ് ഔട്ടായി.
പൊന്നാനി, തവനൂര്‍ സീറ്റുകള്‍ അനുവദിക്കാമെന്ന വാഗ്ദാനം പ്രകാശ് തള്ളി. അതേസമയം, പ്രകാശിന് സീറ്റ് നിഷേധിച്ചതിനെതിരേ കോണ്‍ഗ്രസ്സില്‍ പ്രതിഷേധമുയര്‍ന്നു.
Next Story

RELATED STORIES

Share it