ആരോപണ വിധേയരായ പൊതുമേഖലാഎംഡിമാരുടെ നിയമനം റദ്ദാക്കി

സമീര്‍ കല്ലായി

മലപ്പുറം: അഴിമതി ആരോപണ വിധേയരായ പൊതുമേഖലാ എംഡിമാരുടെ നിയമനം റദ്ദാക്കിത്തുടങ്ങി. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ധൃതിപിടിച്ച് നിയമനം റദ്ദാക്കിയത്. നിരവധി വിജിലന്‍സ് കേസില്‍ പ്രതിയായ റിയാബ് സെക്രട്ടറിയും മലബാര്‍ സിമന്റ്‌സ്് എംഡിയുമായിരുന്ന പത്മകുമാറിനെ കേരള ഓട്ടോമൊബീല്‍സില്‍ പുനര്‍നിയമിച്ചത് ഇന്നലെ റദ്ദാക്കി.  എ ഷാജഹാനെ എംഡിയായി നിയമിച്ചുകൊണ്ട് ഉത്തരവും ഇറക്കി. സിഡ്‌കോ എംഡിയായി സജി ബഷീറിനെ നിയമിച്ചത് നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയയുടനെ നീക്കം ചെയ്ത അഴിമതിക്കാരെയും കുറ്റാരോപിതരെയും വ്യവായവകുപ്പിലെ ഉന്നതരുടെ സ്വാധീനത്തില്‍ തിരിച്ചെടുക്കുകയായിരുന്നു. നീക്കം ചെയ്ത എംഡിമാര്‍ക്ക് ഫയലുകള്‍ വച്ച് താമസിപ്പിച്ച് കോടതിയില്‍ പോവാന്‍ സര്‍ക്കാര്‍ സൗകര്യവുമൊരുക്കി. വ്യവസായ വകുപ്പുമന്ത്രിയുടെ സ്വന്തം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ തൃശൂര്‍ സഹകരണ സ്പിന്നിങ് മില്ലിലെ എംഡിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹത്തിന് കുറ്റിപ്പുറം മാല്‍ക്കോ ടെക്‌സ് എംഡിയുടെ അധിക ചുമതലകൂടി നല്‍കുകയായിരുന്നു. ഈ മാര്‍ച്ചില്‍ വിരമിക്കേണ്ട ഇദ്ദേഹത്തിന് രണ്ട് വര്‍ഷം സര്‍വീസ് നീട്ടി നല്‍കുകയും ചെയ്തു. എന്നാല്‍, വിഷയം വിവാദമായതോടെ വ്യവസായ വകുപ്പ് ഫയല്‍ തിരികെ വിളിച്ചു. തൃശൂര്‍ വിജിലന്‍സ് വ്യവസായ വകുപ്പിന് എഫ്‌ഐആര്‍, സ്‌പെഷ്യല്‍ റിപോര്‍ട്ട് സഹിതം കത്തും നല്‍കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഗണേശനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്ത് തിരിച്ചെടുത്തിരുന്നു. കൂടാതെ തൃശൂര്‍ സീതാറാം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡിന്റേയും, ബാലരാമപുരം ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലിന്റെയും എംഡിയുടെ അധിക ചുമതലയും നല്‍കി. കെഎസ്ടിസി മില്ലുകള്‍ അടക്കം എട്ട് സ്പിന്നിങ് മില്ലുകളുടെ എംഡിയായി തുടരുന്ന ഗണേശനെതിരേ സിപിഐ രംഗത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് വ്യവസായ വകുപ്പ് ഈ ഫയലും പരിശോധന തുടങ്ങിയിട്ടുണ്ട്. കോട്ടയം പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്ലിന്റെ എംഡിയും അഴിമതി ആരോപണം നേരിടുന്നുണ്ട്.  എന്നാല്‍, ഇയാള്‍ക്ക് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിന്റെ എംഡിയുടെ അധിക ചുമതലകൂടി നല്‍കിയിരിക്കുകയാണ്. ഇദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും മൂന്ന് വര്‍ഷമായി എംഡിയായി തുടരുകയാണ്. എംഡിയെ മാറ്റണമെന്ന് ഡയറക്ടര്‍ബോര്‍ഡ് തീരുമാനം വ്യവസായ വകുപ്പിനെ അറിയിച്ചിട്ടുണ്ട്
Next Story

RELATED STORIES

Share it