World

ആരോപണവിധേയരെ ഓക്‌സ്ഫാം സംരക്ഷിക്കുന്നു

ലണ്ടന്‍: സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമില്‍ നിന്ന് ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് രാജിവച്ച ഉദ്യോഗസ്ഥര്‍ മറ്റു സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ ദ ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഉദ്യോഗസ്ഥര്‍ക്ക്് അനുകൂലമായി ഓക്‌സ്ഫാം നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് വീണ്ടും മറ്റു സന്നദ്ധ സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിച്ചത്. ഭൂകമ്പബാധിതമായ ഹെയ്തിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടപ്പോള്‍ ഓക്‌സ്ഫാം ആസ്ഥാനത്തു വേശ്യകളെ വിളിച്ചുവരുത്തിയെന്ന പരാതിയെത്തുടര്‍ന്ന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ റോളന്‍ഡ് ഫാന്‍ഹോവര്‍മിറേന്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സംഘടന സംരക്ഷിച്ചത്. 2011ല്‍ സംഘടനയുടെ ഹെയ്തി ഡയറക്ടറായിരിക്കെയായിരുന്നു ഫാന്‍ഹോവര്‍മിറേന്റെ റാലി. എന്നാല്‍ 2012-14 കാലത്ത് ഇയാള്‍ ബംഗ്ലാദേശില്‍ ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഹംഗര്‍ സന്നദ്ധ സംഘടനയില്‍ ചേര്‍ന്നതായി ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഫാന്‍ഹോവര്‍മിറേന്‍ അടക്കം ആറ് ഉദ്യോഗസ്ഥരാണ് ഹെയ്തിയില്‍ ജോലിചെയ്യവേ രാജിവച്ചത്. സെക്‌സ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചു, ഇന്റര്‍നെറ്റിലെ അശ്ലീലവും നിയമപരമല്ലാത്തവയുമായ ഉള്ളടക്കങ്ങള്‍ വീക്ഷിച്ചു, കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു തുടങ്ങിയ ആരോപണങ്ങളായിരുന്നു ഇവര്‍ക്കെതിരേയുയര്‍ന്നത്. സെക്‌സ് പാര്‍ട്ടികളില്‍ പ്രായപൂര്‍ത്തിയാവാത്ത സ്ത്രീകള്‍ പങ്കെടുത്തതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, പുതിയ വിവരങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഓക്‌സ്ഫാമിനെതിരായ ആരോപണങ്ങളില്‍ സമഗ്രാന്വേഷണം അനിവാര്യമാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രതികരിച്ചു. ബ്രിട്ടിഷ് സര്‍ക്കാരില്‍ നിന്ന് സംഘടന പ്രതിവര്‍ഷം കോടിക്കണക്കിനു പൗണ്ട് ധനസഹായം സ്വീകരിക്കുന്നുണ്ട്. ഓക്‌സ്ഫാമും സര്‍ക്കാരുമായുള്ള ഇടപാടുകള്‍ പുനപ്പരിശോധിക്കുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it