ആരോപണങ്ങള്‍ പരിശോധിക്കും: സ്മാര്‍ട്ട് സിറ്റി ദുബയ്

കൊച്ചി: സ്മാര്‍ട്ട് സിറ്റിയുടെ മുന്‍ മാനേജ്‌മെന്റിന്റെ കാലത്ത് ക്രമക്കേടുകള്‍ നടന്നെന്ന ആരോപണങ്ങള്‍ 2015 ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പദ്ധതിയുടെ ദുബയ് ആസ്ഥാനമായ പ്രമോട്ടര്‍ സ്മാര്‍ട്ട് സിറ്റി ദുബയ് വാര്‍ത്താക്കുറിപ്പില്‍  അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന ഓഡിറ്റിങ് പതിവ് കണക്കെടുപ്പാണെന്നും അത് പൂര്‍ത്തിയായാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നും സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് അറിയിച്ചു.

പദ്ധതിയുടെ പുരോഗതിയില്‍ സംതൃപ്തിയുണ്ട്. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് പൂര്‍ണ സഹകരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടം, മുന്‍ നിശ്ചയിച്ചപ്രകാരം ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടന സമയത്തു തന്നെ തുടങ്ങുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി ദുബയുടെ അനുമതി ലഭിക്കാത്തത് കാരണം രണ്ടാംഘട്ടം വൈകുമെന്ന തരത്തിലുള്ള മാധ്യമ റിപോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. രണ്ടാം ഘട്ടത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. കോ-ഡെവലപര്‍മാരുടേതടക്കം 47 ലക്ഷം ചതുരശ്ര അടിയുടേതാണ് രണ്ടാംഘട്ടം.

ഇതിന്റെ പണി നിശ്ചയിച്ച പ്രകാരം 36 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ സ്മാര്‍ട്ട് സിറ്റി ദുബയ് പ്രതിജ്ഞാബദ്ധമാണെന്നും പദ്ധതി നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുമെന്നും വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി. പദ്ധതിയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളിലോ പ്രവര്‍ത്തനങ്ങളിലോ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന മേല്‍നോട്ടത്തിനായാണ് നിലവിലെ സി.ഇ.ഒ. ഡോ. ബാജു ജോര്‍ജ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it