ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്കണ്ടെത്തിയതില്‍ സന്തോഷം: മന്‍മോഹന്‍ സിങ്്‌

ന്യൂഡല്‍ഹി: 2ജി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു കണ്ടെത്തിയ കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോടതി വിധി സ്വയം സംസാരിക്കുന്നവയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തരത്തിലുള്ള ആത്മ പ്രശംസയും തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിധി കേള്‍ക്കാന്‍ പാട്യാല സിബിഐ പ്രത്യേക കോടതിയിലെത്തിയ മുന്‍ കേന്ദ്രമന്ത്രി കനിമൊഴി ആഹ്ലാദത്തോടെയാണു കോടതിയുടെ പുറത്തെത്തിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായാണു താന്‍ ഇത്രയും കാലം വേട്ടയാടപ്പെട്ടതെന്നും കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും അവര്‍ പ്രതികരിച്ചു.  എ രാജയും വിധിയറിയാന്‍ കോടതിയിലെത്തിയിരുന്നു. പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് അനുയായികള്‍ കോടതിവിധിയെ വരവേറ്റത്.  അനുകൂല വിധിയുടെ പശ്ചാത്തലത്തില്‍ 2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് 1,06,000 കോടി രൂപയുടെ അഴിമതി നടന്നുവെന്നു റിപോര്‍ട്ട് നല്‍കിയ മുന്‍ സിഐജി വിനോദ് റായ് മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച ആരോപണങ്ങളുമായാണു ബിജെപി, കോണ്‍ഗ്രസ്സിനെ എതിര്‍ത്തതെന്ന് കോടതിവിധിയോടെ തെളിഞ്ഞതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു. അതേസമയം, 2ജി സ്‌പെക്ട്രം അഴിമതി ആരോപണത്തെ തുടര്‍ന്നു റദ്ദാക്കിയ 122 ടെലികോം ലൈസന്‍സുകളുടെ ഭാവി സംബന്ധിച്ച് അന്വേഷണ സംഘത്തിന്റെ അടുത്തനീക്കം വ്യക്തമായ ശേഷം തീരുമാനിക്കുമെന്നു കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ. സിബി ഐ സമര്‍പ്പിക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നു ലൈസന്‍സ് സ്വന്തമാക്കിയിരുന്ന കമ്പനികളുമായി ബന്ധപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it