ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന: മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യം ജയിക്കുമെന്നു വിശ്വസിക്കുന്നയാളാണ് താനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് വന്നയുടന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധിയില്‍ ആശ്വസിക്കുന്നില്ല. വിജിലന്‍സ് വിധിയില്‍ പരിഭവവുമില്ല. കോടതികളോട് അങ്ങേയറ്റം ബഹുമാനമുണ്ട്. വിധി അനുകൂലമായാലും പ്രതികൂലമായാലും ഒരേ സമീപനമാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട്. സമയമാവുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാവും. തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ ഒരു ഷീറ്റ് കടലാസ് എടുത്തുകാണിക്കാന്‍ പറ്റുന്നില്ല.
സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. ഒരു രൂപയുടെ ആനുകൂല്യംപോലും പ്രതികള്‍ക്ക് ചെയ്തുകൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജി സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയല്ലോ എന്ന ചോദ്യത്തിന്, താന്‍ ഇതില്‍ കക്ഷിയാവുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മനസ്സാക്ഷിയുടെ ശക്തിയാണ് എന്റെ ശക്തി. പ്രതീക്ഷയെന്നാല്‍ സത്യം ജയിക്കുമെന്ന ഉറപ്പും.
ഇരു കോടതികളുടെയും വിധിയില്‍ അസാധാരണമായി യാതൊന്നും തോന്നിയിട്ടില്ല. സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാനുള്ള നീക്കമാണ് ആരോപണത്തിനു പിന്നിലെന്നു സംശയിക്കുന്നതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനും പൊതുപരിപാടികള്‍ ഉപേക്ഷിക്കാനും തീരുമാനമായി. ഇന്നലെ രാവിലെ ക്ലിഫ്ഹൗസില്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പോലിസിന്റെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it