ആരോപണങ്ങളില്‍ കുടുങ്ങിയ ഏക്‌നാഥ് ഖദ്‌സെ രാജിവച്ചു

മുംബൈ: അനധികൃത ഭൂമിയിടപാട് ഉള്‍പ്പെടെ വിവിധ ആരോപണങ്ങള്‍ നേരിടുന്ന മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്‌നാഥ് ഖദ്‌സെ രാജിവച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഔദ്യോഗികവസതിയിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി പ്രസിഡന്റ് അമിത് ഷായെയും സന്ദര്‍ശിച്ച ഫഡ്‌നാവിസ്, ഖദ്‌സെക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കോണ്‍ഗ്രസ്സും എന്‍സിപിയും ആം ആദ്മി പാര്‍ട്ടിയും മാത്രമല്ല, സഖ്യകക്ഷിയായ ശിവസേനയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് രാജി. മന്ത്രിസഭയിലെ രണ്ടാമനായ ഖദ്‌സെ റവന്യൂവകുപ്പിന് പുറമേ കൃഷിവകുപ്പും കൈകാര്യം ചെയ്തുവരുകയായിരുന്നു.
പൂനെയിലെ ഭൂമിയിടപാടും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി നടത്തിയ ഫോണ്‍ സംഭാഷണവുമാണ് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ പൂനെയിലുള്ള 40 കോടി വിലവരുന്ന മൂന്നേക്കര്‍ ഭൂമി 3.75 കോടി രൂപയ്ക്കാണ് ഖദ്‌സെ തന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ വാങ്ങിയത്.
എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ ഖദ്‌സെ താന്‍ മാധ്യമഗൂഢാലോചനയുടെ ഇരയാണെന്നു പ്രതികരിച്ചു. താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷമായി. ഇത്തരം മാധ്യമവിചാരണ ഇതുവരെ നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.
Next Story

RELATED STORIES

Share it