Districts

ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും ; വെല്ലുവിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു മാത്രമല്ല, പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗുരുതരമായ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. അതിന്റെ സിഡി കൈവശമുണ്ടെങ്കില്‍ ഹാജരാക്കാന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ നിയമപരമായി പിടിച്ചെടുക്കണം. സത്യം പുറത്തുവരട്ടെ. ഇതുവരെ ബിജു രാധാകൃഷ്ണന്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അതിനു വഴങ്ങാതിരുന്നതിനാലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഭാര്യയെ കൊന്നയാളെ ജയിലില്‍ അടച്ചതിലുള്ള വൈരാഗ്യമാണ് ആരോപണത്തിനു പിന്നില്‍. അതിന് ഇതുപോലൊരു വില നല്‍കേണ്ടിവന്നതില്‍ ദുഃഖമില്ലെന്നും അഭിമാനമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ 55 വര്‍ഷത്തെ പൊതുപ്രവര്‍ത്തന ജീവിതം തുറന്ന പുസ്തകമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ യാതൊന്നും ആലോചിക്കാതെ ആരോപണം ഉന്നയിക്കുന്നത് ഗുണകരമാണോ എന്നു ചിന്തിക്കണം. അതില്‍ ഒരു വിധത്തിലും സത്യമില്ലെങ്കില്‍ ആ തെറ്റു ചെയ്യുന്നത് ആ വ്യക്തിയോട് മാത്രമല്ല, സംസ്ഥാനത്തോടും വ്യവസ്ഥിതിയോടുമാണ്. തന്നെ അപമാനിച്ച് ഇറക്കിവിടാമെന്ന പ്രതിപക്ഷത്തിന്റെ ആഗ്രഹം നടക്കില്ല. നീതി നടപ്പാക്കിയതിന്റെ പേരില്‍ വലിയ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിട്ട ഒരു മുഖ്യമന്ത്രിയെന്ന നിലയിലായിരിക്കും താന്‍ പോവുന്നത്. കൊലക്കേസ് അടക്കം 58 കേസുകളിലെ പ്രതിയാണ് ബിജു രാധാകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരോടോ ജയിലില്‍ കിടന്നപ്പോള്‍ സന്ദര്‍ശകരോടോ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായപ്പോഴാണ്, തനിക്കു തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അറിയിച്ചത്. തന്നെ സ്വാധീനിക്കാന്‍ ആരെങ്കിലും സമീപിക്കട്ടെയെന്നതിന്റെ സൂചനയായിരുന്നു അത്. പിന്നീടുള്ള മൊഴിയെടുക്കല്‍ ബിജു നീട്ടിക്കൊണ്ടുപോയി. അപ്പോഴൊക്കെ താന്‍ ചില വെളിപ്പെടുത്തല്‍ നടത്തിയാല്‍ മുഖ്യമന്ത്രിയടക്കം രാജിവയ്‌ക്കേണ്ടിവരുമെന്ന ഭീഷണിയാണ് ബിജു നടത്തിയത്- മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. തന്റെ മാന്യത അനുവദിക്കാത്തതിനാല്‍ ഇക്കാര്യം തുറന്നുപറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it