ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ് തള്ളി;കൊച്ചി കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സൊസൈറ്റി രൂപീകരണം വൈകുന്നു

കൊച്ചി: കൊച്ചി കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണനിര്‍വഹണത്തിനായുള്ള സൊസൈറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യസെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി തള്ളി. ഇതോടെ കൊച്ചി കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലായി.

കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണനിര്‍വഹണത്തിനായി രൂപീകരിക്കേണ്ട സൊസൈറ്റി സംബന്ധിച്ച സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. ആഷാതോമസ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഗവര്‍ണര്‍ ഈ മാസം നാലിന് ഭരണാനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യസെക്രട്ടറി ഈ മാസം ആറാം തിയ്യതി രണ്ട് സര്‍ക്കാര്‍ ഉത്തരവുകളാണ് പുറത്തിറക്കിയത്. സൊസൈറ്റി റജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതായാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഈ ഉത്തരവാണ് അപൂര്‍ണെമന്ന് ചൂണ്ടിക്കാണിച്ച് ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി തള്ളിക്കളഞ്ഞത്. ഇതോടെ ഈ ഉത്തരവ് അസാധുവായി.

സ്‌പെഷ്യല്‍ ഓഫിസര്‍ തയ്യാറാക്കിയ സൊസൈറ്റിയുടെ കരട് അംഗീകരിച്ചില്ല. ആരോഗ്യസെക്രട്ടറിയുടെ ഉത്തരവില്‍ സൊസൈറ്റി അംഗങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ല എന്ന പോരായ്മ ചൂണ്ടിക്കാണിച്ചാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവുകള്‍ തള്ളിക്കളഞ്ഞതെന്നാണ് സൂചന. ആരോഗ്യവകുപ്പിന്റെ നിസ്സഹകരണമാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് ധനവകുപ്പിന്റെ നടപടി. എന്നാല്‍, ധനവകുപ്പിന്റെ പിടിവാശിയും ധാര്‍ഷ്ട്യവുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ ആരോപണം. നേരത്തേ മന്ത്രി വി എസ് ശിവകുമാര്‍തന്നെ ധനവകുപ്പിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയൊരു ഉത്തരവ് കൂടി ആരോഗ്യവകുപ്പ് ഇറക്കിയാലേ സൊസൈറ്റി രജിസ്‌ട്രേഷന്‍ നടപടികള്‍ വീണ്ടും തുടങ്ങാന്‍ കഴിയൂവെന്നതാണ് അവസ്ഥ.  കാന്‍സര്‍ സെന്ററിന്റെ ഒപി ഡിസംബര്‍ ഒന്നാം തിയ്യതി പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് ആരോഗ്യമന്ത്രി ഇപ്പോഴും നല്‍കുന്ന വാഗ്ദാനം. സൊസൈറ്റി രൂപീകരണം സംബന്ധിച്ച് വ്യക്തത വരാതെ ഒന്നാംഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ലന്നിരിക്കെ ഇതെങ്ങനെ സാധ്യമാവുമെന്നാണ് ഉയരുന്ന ചോദ്യം.
Next Story

RELATED STORIES

Share it