wayanad local

ആരോഗ്യ സര്‍വകലാശാലാ കലോല്‍സവത്തിന് തിരിതെളിഞ്ഞു

പരിയാരം: കേരള ആരോഗ്യ സര്‍വകലാശാലയുടെ സംസ്ഥാന കലോല്‍സവം- ബാന്‍സുരി 2017 ന്പരിയാരം മെഡിക്കല്‍ കോളജ് കാംപസില്‍ തുടക്കമായി. മുഖ്യവേദിയായ മേഘമല്‍ഹാറില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ യൂനിയന്‍ ജനറല്‍ സെക്രട്ടറി എം പി ശ്രുതി അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ മുഖ്യാതിഥിയായി. ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സംവിധായകന്‍ ഡോ. ബിജു, പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, ആരോഗ്യ സര്‍വകലാശാലാ ഡീന്‍ ഡോ. എ കെ മനോജ് കുമാര്‍, പരിയാരം മെഡിക്കല്‍ കോളജ് എംഡി കെ രവി, പ്രിന്‍സിപ്പല്‍ ഡോ. സുധാകരന്‍, പരിയാരം ഗവ. ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി ശോഭന, ആരോഗ്യ സര്‍വകലാശാലാ സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധി രോഹിത് കൃഷ്ണന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സിറാജ്, സര്‍വകലാശാലാ യൂനിയന്‍ വൈസ് ചെയര്‍മാന്‍ ജി എസ് അഭിഷേക്, വൈസ് ചെയര്‍പേഴ്‌സന്‍ എം ലക്ഷ്മി സംസാരിച്ചു. 10 വേദികളിലായി 79 ഇനങ്ങളിലാണ് മല്‍സരം. സ്റ്റേജിതര മല്‍സരങ്ങള്‍ ഉച്ചയ്ക്ക് 12നും സ്‌റ്റേജ് മല്‍സരങ്ങള്‍ 2 മണിക്കും ആരംഭിച്ചു. മേഘമല്‍ഹാര്‍, നീലാംബരി, രാഗമാലിക, ഹംസധ്വനി, മോഹനം വേദികളിലാണ് സ്‌റ്റേജ് മല്‍സരങ്ങളും 6 മുതല്‍ 10 വരെയുള്ള വേദികളില്‍ സ്റ്റേജിതര മല്‍സരങ്ങളും നടക്കുന്നു. സംസ്ഥാനത്തെ മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദം, ഹോമിയോ, സിദ്ധ, യൂനാനി, നഴ്‌സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളജുകളില്‍ നിന്നായി 1200ലേറെ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇന്നലെ മോഹിനിയാട്ടം, ഭരതനാട്യം, സംവാദം, കവിതാലാപനം, തിരക്കഥാ രചന, ഉപന്യാസ രചന, ചെറുകഥാ രചന, കവിതാ രചന, വാട്ടര്‍ കളറിങ്, ഓയില്‍ പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് മല്‍സരങ്ങള്‍ അരങ്ങേറി. മേള നാളെ സമാപിക്കും.
Next Story

RELATED STORIES

Share it