Flash News

ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കും : മന്ത്രി



കൊച്ചി: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് 2017 സംബന്ധിച്ചു വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് ഹരജികള്‍ സ്വീകരിക്കുന്നതിനായി നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി യോഗം എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ നടന്നു.ആരോഗ്യ മേഖലയിലെ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കമ്മിറ്റി ആക്ഷേപങ്ങളും പരാതികളും കേള്‍ക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും വ്യാജ ചികില്‍സ നടത്തുന്നവരെ തടയുമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.പൊതുജനങ്ങളുടെയും മേഖലയിലെ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായം സ്വരൂപിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി കുറ്റമറ്റ ബില്ലായിരിക്കും നിയമസഭയില്‍ അവതരിപ്പിക്കുക. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. ആരോഗ്യ സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ ഏവരുടെയും കൂട്ടായ ശ്രമം ആവശ്യമാണ്.അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും. ഫാര്‍മസി, ലബോറട്ടറി തുടങ്ങിയ വിവിധ മേഖലകളുടെ പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെയും മറ്റു സ്ഥാപനങ്ങളെയും കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it