Pravasi

ആരോഗ്യ പദ്ധതി തയ്യാറാക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്നു



ദോഹ: 2017-22 വര്‍ഷത്തെ ഖത്തറിന്റെ ആരോഗ്യ നയം രൂപീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്കും സഹായിക്കാം. ഈ വര്‍ഷം അവസാനം തുടക്കം കുറിക്കുന്ന പദ്ധതിയിലേക്ക് രാജ്യത്തെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അഭിപ്രായം പങ്കുവയ്ക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് സ്ട്രാറ്റജി 2017-22 കണ്‍സള്‍ട്ടേഷന്‍ എന്ന പേരില്‍ ഓണ്‍ലൈനില്‍ നടത്തുന്ന സര്‍വേയില്‍ പൊതുജനങ്ങള്‍ നല്‍കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും അന്തിമ നയ രൂപീകരണം കുറ്റമറ്റതാക്കാന്‍ സഹായിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. തങ്ങള്‍ ആരെയാണോ ലക്ഷ്യമിടുന്നത് അവരുടെ ആഗ്രഹത്തിന് അനുസരിച്ച് നയം രൂപീകരിക്കുന്നതിനാണ് പ്രതികരണം തേടുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി പറഞ്ഞു. ഖത്തറിലെ മുഴുവന്‍ ജനങ്ങളും ഇതില്‍ പങ്കാളിയാവണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. പെതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ സര്‍വേ സഹായിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശെയ്ഖ് ഡോ. മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. ഖത്തര്‍ ജനതയുടെ ജീവിതത്തില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതായിരിക്കും ആറ് വര്‍ഷത്തെ ഖത്തര്‍ പൊതുജനാരോഗ്യ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ജീവിത ശൈലി വളര്‍ത്തിയെടുക്കുക, സുരക്ഷിതമായ പരിസ്ഥിതി(വായു, വെള്ളം, ഭക്ഷണം) ഉറപ്പാക്കുക, തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, റോഡ് സുരക്ഷ, തൊഴില്‍ ജന്യ രോഗങ്ങള്‍, പുകവലി നിര്‍മാര്‍ജനം തുടങ്ങിയ 16 ആരോഗ്യ മേഖലകളിലായിരിക്കും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക.
Next Story

RELATED STORIES

Share it