ആരോഗ്യ പദ്ധതികളുടെ ഫണ്ട് കേന്ദ്രം വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി: മോദി കെയര്‍ എന്നപേരില്‍ ബൃഹത്തായ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ ദേശീയ ആരോഗ്യ മിഷന്‍ അടക്കമുള്ള മറ്റു പദ്ധതികളുടെ ഫണ്ട് വെട്ടിച്ചുരുക്കിയതായി റിപോര്‍ട്ട്. ആരോഗ്യരംഗത്തിനു പ്രത്യേക പരിഗണന നല്‍കിയ ബജറ്റെന്ന് അവകാശപ്പെടുമ്പോഴാണ് ആരോഗ്യ പദ്ധതികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഫണ്ടില്‍ കുറവ് വരുത്തിയിട്ടുള്ളത്. 2018-19 ബജറ്റ് പ്രകാരം ദേശീയ ആരോഗ്യ മിഷന്റെ ഫണ്ടില്‍ 2.1 ശതമാനത്തിന്റെ കുറവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31,292 കോടി രൂപ അനുവദിച്ച പദ്ധതിക്ക് ഇത്തവണ അനുവദിച്ചത് 30,634 കോടി രൂപയാണ്. രാജ്യത്തെ അരോഗ്യരംഗത്തെ അടിത്തറ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 1.5 ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ട്. എന്നാല്‍, പദ്ധതിക്കായി പ്രത്യേകം തുക അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഈ തുകയും ദേശീയ ആരോഗ്യ മിഷന് വകയിരുത്തിയതില്‍ നിന്നു കണ്ടെത്തേണ്ടി വരും. ഇതുകൂടി പരിഗണിച്ചാല്‍ ആരോഗ്യ മിഷന് അനുവദിച്ച തുകയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനത്തോളമാവും കുറവെന്നും വിലയിരുത്തുന്നു.പുതിയ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതിനും ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളജ് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും അനുവദിച്ച തുകയിലും ഇത്തവണ ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ ബജറ്റില്‍ 3,300 കോടി അനുവദിച്ചപ്പോള്‍ ഇത്തവണ 24 പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കടക്കം 2,338 കോടി രൂപയാണ് ഈ ഇനത്തില്‍ അനുവദിച്ചിട്ടുള്ളത്. പ്രധാന കേന്ദ്ര പദ്ധതികളിലൊന്നായ ദേശീയ എയ്ഡ്‌സ്, ലൈംഗിക രോഗനിയന്ത്രണ പദ്ധതികള്‍ക്കാവശ്യമായ തുകയിലും ഇത്തവണ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2163 കോടി വകയിരുത്തിയപ്പോള്‍, ഇത്തവണ 2100 കോടിയാണ് അനുവദിച്ചിട്ടുള്ളത്. രാജ്യത്ത് എച്ച്‌ഐവിക്കുള്ള മരുന്നുകള്‍ക്കു ക്ഷാമം നേരിടുന്നെന്ന റിപോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് ഫണ്ട് വെട്ടിച്ചുരുക്കിയതെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് അനുവദിച്ച തുകയില്‍ നാലു ശതമാനത്തിന്റെ കുറവും ഇത്തവണയുണ്ട്. എയിംസ് മാതൃകയിലുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കുക, മെഡിക്കല്‍ കോളജുകളുടെ നിലവാരം വര്‍ധിപ്പിക്കുക എന്നിവയാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it