ആരോഗ്യ ജാഗ്രത; സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കുറഞ്ഞു

തിരുവനന്തപുരം: ജനുവരി ഒന്നിന് തുടക്കമിട്ട പകര്‍ച്ചവ്യാധി പ്രതിരോധ-നിയന്ത്രണ പരിപാടിയുടെ ഫലമായി സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും അതുമൂലമുള്ള മരണവും ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ആരോഗ്യ ജാഗ്രതാ പരിപാടി തുടര്‍ന്നുള്ള മാസങ്ങളിലും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യ ജാഗ്രത—യുടെ ഭാഗമായി സംസ്ഥാനത്ത് 1.22 ലക്ഷം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു. 12,723 വാര്‍ഡുകളില്‍ വാര്‍ഡുതല കര്‍മപരിപാടി തയ്യാറാക്കി നടപ്പാക്കിവരുന്നു. 5000ത്തിലേറെ മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കേമ്പുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കൊതുക് നിവാരണ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും നടത്തി. കൊതുക് സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ ഊര്‍ജിത കൊതുക് നിയന്ത്രണ പ്രവര്‍ത്തനം നടത്തി. മാലിന്യനിര്‍മാര്‍ജനവും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.
കുടുംബശ്രീ പ്രവര്‍ത്തകരെ പരമാവധി ഉപയോഗിച്ച് പ്രതിരോധപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാന്‍ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രതിരോധപ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവയുടെയും സാമൂഹിക സംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയുടെയും പങ്കാളിത്തം പ്രതിരോധപ്രവര്‍ത്തനത്തില്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ആശുപത്രികളില്‍ രോഗചികില്‍സാ സൗകര്യം വര്‍ധിപ്പിക്കും.
പനി വാര്‍ഡുകള്‍ ആവശ്യാനുസരണം തുറക്കും. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളില്‍ പെട്ടെന്നുള്ള നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും.
ജൂണ്‍ 12 മുതല്‍ 14 വരെ ജലശുദ്ധി പ്രചാരണം നടത്തും. ജൂണ്‍ 19, 26 തിയ്യതികളില്‍ ഭക്ഷണശാലകളിലും വീടുകളിലും സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. യോഗത്തില്‍ മന്ത്രിമാരായ കെ കെ ശൈലജ, കെ ടി ജലീല്‍, ടി പിരാമകൃഷ്ണന്‍, ജി സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it