wayanad local

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്; ഗുണഭോക്താക്കള്‍ക്ക് ദുരിതം

മാനന്തവാടി: ജില്ലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനുള്ള എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ ഗുണഭോക്താക്കള്‍ ദുരിതത്തില്‍. പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും എന്റോള്‍മെന്റിന് ചുമതലപ്പെടുത്തിയ ഐടി കമ്പനിയുടെയും അലംഭാവമാണ് കേന്ദ്രത്തിലെത്തുന്ന വൃദ്ധന്മാരുള്‍പ്പെടെയുള്ള നൂറുകണക്കിന് ഗുണഭോക്താക്കള്‍ക്ക് തിരിച്ചടിയായത്. ചുട്ടുപൊള്ളുന്ന ചൂടും സഹിച്ച് വൈകീട്ടും രാത്രിയും വരെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണിപ്പോള്‍.
ജില്ലയിലെ മൂന്നു ബ്ലോക്കുകളിലായി 1,19,000 ഗുണഭോക്താക്കളാണ് എന്റോള്‍ ചെയ്യാനുള്ളത്. നേരത്തെ കാര്‍ഡുണ്ടായിരുന്നവരുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാലും പുതുതായി അക്ഷയകേന്ദ്രം വഴി അപേക്ഷ നല്‍കി പരിഹരിക്കപ്പെട്ടവരുമാണ് നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലെത്തി ഫോട്ടോയെടുപ്പ് ഉള്‍പ്പടെയുള്ള എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
പ്രാരംഭഘട്ടത്തില്‍ കല്‍പ്പറ്റ ബ്ലോക്കിലാണ് എന്റോള്‍മെന്റ് ആരംഭിച്ചിരിക്കുന്നത്. അടുത്ത വാരത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ ഒരുമിച്ച് എന്റോള്‍മെന്റ് നടത്തും. ഓരോ ഗ്രാമപ്പഞ്ചായത്തിലും എത്ര ഗുണഭോക്താക്കളുണ്ടെന്നു കണ്ടെത്തി അവര്‍ക്ക് ഏറ്റവും അടുത്തു തന്നെ ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളൊരുക്കേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയശേഷം ഗുണഭോക്താക്കളുടെ വീടുകളില്‍ കേന്ദ്രവും സമയവും നിശ്ചയിച്ച് കൊണ്ടുള്ള സ്ലിപ്പുകള്‍ നല്‍കണം. ഒരു കുടുംബത്തിന് അഞ്ചു രൂപ നിരക്കില്‍ വേതനം സര്‍ക്കാര്‍ ഇതിനായി കുടുംബശ്രീക്ക് നല്‍കുന്നുമുണ്ട്.
ഒരു കംപ്യൂട്ടറില്‍ ഒരു ദിവസം 80 പേരുടെ എന്റോള്‍മെന്റാണ് നടക്കുക. ഇതിനനുസരിച്ചായിരിക്കണം കേന്ദ്രങ്ങളൊരുക്കേണ്ടതും ഗുണഭോക്താക്കളെ എത്തിക്കേണ്ടതും. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീയും ഇതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് പരാതി. ഐടി കമ്പനികളുടെ കംപ്യൂട്ടര്‍ തകരാറും ഗുണഭോക്താക്കളെ വലയ്ക്കുന്നുണ്ട്. കോട്ടത്തറ, മുട്ടില്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം നടന്ന എന്റോള്‍മെന്റ് പ്രവൃത്തികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. മതിയായ സൗകര്യങ്ങളൊരുക്കാതെ കൂടുതല്‍ ആളുകള്‍ കേന്ദ്രത്തിലെത്തിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ആദിവാസികളും വൃദ്ധരുമുള്‍പ്പെടെയുള്ള ഗുണഭോക്താക്കളാണ് ദുരിതത്തിലാവുന്നത്.
ഇനി നടക്കാനിരിക്കുന്ന മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെ ക്യാംപ് നടത്തരുതെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it