kozhikode local

ആരോഗ്യവിഭാഗം പ്രത്യേകയോഗം ചേര്‍ന്നു

വടകര: എലിപ്പനി റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. താലൂക്കിലെ വടകര നഗരസഭ, വില്യാപ്പള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലാണ് എലിപ്പനി റിപോര്‍ട്ട് ചെയ്തത്. ഇതില്‍ വില്യാപ്പള്ളി പഞ്ചാത്തില്‍ ഒരാളും, വടകര നഗരസഭയില്‍ രണ്ട് പേരും മരണപ്പെട്ടു. രണ്ട് പേര്‍ ചികിത്സയിലുമാണ്. മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളാണ് നിലവില്‍ നടന്നു വരുന്നത്. രോഗം റിപോര്‍ട്ട് ചെയ്ത വടകരയിലും, വില്യാപ്പള്ളിയിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വടകര നഗരസഭ പരിധിയില്‍ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ അധ്യക്ഷതയില്‍ എന്‍ആര്‍എച്ച്എം കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ എച്ച്‌ഐ മാര്‍, ജെഎച്ച്‌ഐ മാര്‍, ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗം എന്നിവര്‍ പങ്കെടുത്തു. എല്ലാ വാര്‍ഡുകളിലും ബോധവല്‍കരണ ക്ലാസ്, ജാഗ്രത-പ്രതിരോധ പ്രവര്‍ത്തനം എന്നിവ വിശദീകരിക്കുന്ന നോട്ടീസ് വിതരണം, പനി ബാധിച്ചവരുടെ സര്‍വ്വെ, സംശയം തോന്നുന്നവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കല്‍, വെള്ളക്കെട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ നടത്തല്‍ എന്നിവ ഉടന്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. മലിന ജലം സമ്പര്‍ക്കമുള്ളവര്‍ക്ക് പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു. വടകര ജില്ലാ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം(വടകര ബീച്ച്), ഹെല്‍ത്ത് സെന്റര്‍ കല്ലുനിര എന്നിവിടങ്ങളില്‍ നിന്നും രോഗ പ്രതിരോധ ഗുളികകള്‍ ലഭ്യമാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ വേണ്ടി ഇന്ന് കാലത്ത് 11 മണിക്ക് കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍ എന്നിവരുടെ അടിയന്തിര യോഗം നഗരസഭ സാംസ്‌കാരിക നിലയത്തില്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കും. വില്ല്യാപ്പള്ളി: പഞ്ചായത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വിഭാഗവും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വയല്‍ പ്രദേശങ്ങളിലും വെള്ളകെട്ട് നിലനില്‍ക്കുന്ന പ്രദേശങ്ങളിലും രോഗപ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. വയലുകളിലും ചളിസ്ഥലങ്ങളിലും ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേക റിസ്‌ക്ക് ഗ്രൂപ്പാക്കിതിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. കിണറുകളുടെ ശുചീകരണം, എലി നശീകരണ പദ്ധതികളും ആസുത്രണം ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളില്‍ പോയി ശുചീകരണം നടത്തിയവര്‍ക്ക് രോഗ പ്രതിരോധ ഗുളികള്‍ വിതരണം ചെയ്തു. എലിപ്പനി റിപോര്‍ട്ട് ചെയ്ത കുട്ടോത്ത് 13ാം വാര്‍ഡില്‍ വീടുകളില്‍ മുഴുവന്‍ പേര്‍ക്കും ഗുളിക വിതരണം ചെയ്തു. കൊളത്തുരില്‍ രണ്ടു പേര്‍ക്ക് എലിപ്പനി ബാധിച്ച് അസുഖം ഭേദമായിരുന്നു. ഇതിനിടയിലാണ് പഞ്ചായത്തില്‍ ഒരാള്‍ മരണപ്പെട്ടത്. തിരുവള്ളൂര്‍: പഞ്ചായത്തില്‍ നിലവില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതതപ്പെടുത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിപി ശിവദാസന്‍ പറഞ്ഞു. പഞ്ചായത്തിലെ 20 വാര്‍ഡുകളിലും മഴക്കെടുതിയില്‍ വെള്ളം കയറിയ പ്രദേശങ്ങളിലും പ്രത്യേക ജാഗ്രതപുലര്‍ത്തും. പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ കേമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ക്യാംപ് കഴിഞ്ഞ് പോകുന്ന സമയത്ത് തന്നെ ബോധവല്‍കരണ ക്ലാസും വീടുകളില്‍ എത്തിച്ചേര്‍ന്നാല്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടകളിലും ജലനിധി പദ്ധതികളിലും ക്ലോറിനേഷന്‍ നടത്തി. എലിപ്പനി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ചാനിയംകടവ് കേന്ദ്രീകരിച്ച് മെഡിക്കല്‍ കേമ്പും രോഗപ്രതിരോധ ബോധവല്‍കരണ ക്ലാസും പ്രതിരോധ ഗുളിക വിതരണവും നടക്കും. പഞ്ചായത്തിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികളും രോഗ പ്രതിരോധ ഗുളിക കഴിച്ചതിനുശേഷം മാത്രമാണ് ജോലിക്കിറങ്ങുന്നതെന്ന് ഉറപ്പുവരുത്തും. വീടുകളില്‍ കുമ്മായ വിതരണവും പ്രളയ ബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടെ മൈക്ക് പ്രചരണവും നടത്തി. അഞ്ചുമുതല്‍ ഒമ്പതു വരെയുള്ള തീയതികളില്‍ പഞ്ചായത്തില്‍ രോഗപ്രതിരോധ ്രപവര്‍ത്തനങ്ങള്‍ ജെഎച്ച്‌ഐമാരായ മൊയ്തീന്‍, അബ്ദുള്‍സലാം, പ്രസാദ്, നന്ദകുമാര്‍, ആശാവര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കും.മണിയൂര്‍: മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പ്രളയ ദുരിതമേഖലയില്‍ എലിപ്പനി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കം കുറിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ ഗൃഹസന്ദര്‍ശനം നടത്തി എലിപ്പനി രോഗ പ്രതിരോധ ലഘുലേഖ വിതരണം, ഡോക്‌സി സൈക്ലിന്‍ പ്രതിരോധ ഗുളിക വിതരണം, ക്ലോറിനേഷന്‍, കുമ്മായവിതരണം എന്നിവ നടത്തി.നപതിരോധ പ്രര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെകെ ബാബു, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പികെ സുമതി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ രാജേഷ്, വിഎസ് റെജി, വി രാജീവന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്മാരായ പുഷ്പലത, കെകെ മോളി, കെ സുജാത, എന്‍ബി ജ്യോതി, ഷീലാമ്മ തോമസ്, ആശ ജി നായര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it