thiruvananthapuram local

ആരോഗ്യവകുപ്പ് ഡയറക്ടറെ ഡോക്ടര്‍മാര്‍ തടഞ്ഞുവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡോക്ടറെ തിരിച്ചെടുക്കാന്‍ ഡോക്ടര്‍മാരുടെ മുറവിളി. സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്നലെ അപ്രതീക്ഷിതമായി ഡോക്ടര്‍മാര്‍ പണിമുടക്കി. ഇതിനുപുറമെ ആരോഗ്യവകുപ്പ് ഡയറക്ടറെ തടഞ്ഞുവച്ച് പ്രകോപനപരമായ രംഗങ്ങള്‍ സൃഷ്ടിച്ചും ഡോക്ടര്‍മാര്‍ സസ്‌പെന്‍ഷനെതിരെ രംഗത്തെത്തി.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലവഹിക്കുന്ന ഡോ. ആര്‍ രമേഷിനെയാണ് നാലുമണിക്കൂറോളം ഡോക്ടര്‍മാര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ തടഞ്ഞുവച്ചത്. സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമവും ഉണ്ടായി. ഉപരോധം ചിത്രീകരിക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരെ തടയുകയും കാമറകള്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തു. ഉപരോധത്തില്‍ ഓഫിസ് പ്രവര്‍ത്തനവും താറുമാറായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉപരോധം പിന്‍വലിക്കാന്‍ അവര്‍ തയ്യാറായില്ല.
തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തുമാറ്റാന്‍ നിര്‍ദേശിച്ചത്. ജനറല്‍ ആശുപത്രിക്കു പുറമെ ജില്ലാ, താലൂക്ക് ആശുപത്രികളിലെയും ചികില്‍സ നിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. ഇന്ന് കൂട്ട അവധിയെടുത്ത് സമരം നടത്താനാണ് കെജിഎംഒഎ തീരുമാനം.
Next Story

RELATED STORIES

Share it