ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഓഫിസ് കാര്യങ്ങള്‍ മാത്രം നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ മേല്‍നോട്ട സംവിധാനം പ്രൈമറി ഹെല്‍ത്ത് സെന്റര്‍തലം മുതലുണ്ടെങ്കിലും രോഗപ്രതിരോധം പൂര്‍ണമായി സാധ്യമാക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ ചര്‍ച്ചയും പരിശോധനയും വേണമെന്നും ആരോഗ്യകേരളം പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത്് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ അവസ്ഥയ്ക്കു പരിഹാരം കാണുന്നതിലേക്ക് ഡോക്ടര്‍മാരുടെയും ഗവേഷകരുടെയും ചിന്ത തിരിയണം. എന്നാല്‍മാത്രമേ പ്രശ്‌നപരിഹാരത്തിന് കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഉദ്യോഗസ്ഥര്‍ ജനങ്ങളിലേക്കിറങ്ങണം. ഓഫിസ് കാര്യങ്ങള്‍ മാത്രം നോക്കുന്ന രീതി ചില ഉദ്യോഗസ്ഥര്‍ മാറ്റണം. മാലിന്യവും ശുചിത്വമില്ലായ്മയുമാണ് പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാനകാരണമെന്ന് അനുഭവത്തിലൂടെ മനസ്സിലായിട്ടുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ ജീവനക്കാര്‍ പരമാവധി ശ്രമിക്കേണ്ടതുണ്ട്.  എല്ലാവരും ഒരേമനസ്സോടെ മാലിന്യം നീക്കം ചെയ്യാനും ശുചിത്വം പാലിക്കാനും രംഗത്തിറങ്ങിയാല്‍ നാട്ടില്‍ നല്ലരീതിയില്‍ മാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യജാഗ്രതാ ആപ്പിന് മുഖ്യമന്ത്രി തുടക്കം കുറിച്ചു. ഭരണകൂടവും ജനങ്ങളും ഒരുമിച്ച് ഏറ്റെടുക്കേണ്ട ദൗത്യമാണ് ആരോഗ്യ ജാഗ്രതയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളെ തങ്ങളുടെ പ്രദേശത്തുനിന്ന് ഒഴിവാക്കുമെന്ന് വാശിയോടെ തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ ഡോ. കെ ടി ജലീല്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ രാജു, എ സമ്പത്ത് എംപി, മേയര്‍ വി കെ പ്രശാന്ത്, വി ശശി, വി കെ മധു, രാജീവ് സദാനന്ദന്‍, ദേശീയ ആരോഗ്യദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത പങ്കെടുത്തു.
Next Story

RELATED STORIES

Share it