kozhikode local

ആരോഗ്യവകുപ്പില്‍ 4300 തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി ശൈലജ

കോഴിക്കോട് : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ വകുപ്പില്‍ 4300 തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് ആരോഗ്യ-സാമൂഹിക ക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
കേരള നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു സര്‍ക്കാരിന്റെ കാലത്ത് ഇത്രയും തസ്തികകള്‍ സൃഷ്ടിച്ചത് സര്‍വകാല റെക്കോര്‍ഡാണ്. ആരോഗ്യ രംഗത്ത് നിയമ നിര്‍മാണം നടത്താതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍  പാസാക്കിയത്. ബില്‍ പ്രാവര്‍ത്തികമാകുന്നതോടെ നല്‍കുന്ന ചികിത്സയുടെ ചാര്‍ജ് ആശുപത്രികള്‍ പ്രദര്‍ശിപ്പിക്കണം. ബില്ലിനെ കുറിച്ച് സ്വകാര്യ ആശുപത്രികളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. ഭരണ-പ്രതിപക്ഷങ്ങള്‍ ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. ബില്ല് സംബന്ധിച്ച നിയമങ്ങള്‍ ജൂലായ് മാസത്തോടെ പൂര്‍ത്തിയാകും. ഈ സര്‍ക്കാറിന്റെ കാലാവധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ നട—പ്പാക്കും. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിന്റെ ഡ്രാഫ്റ്റ് തയ്യാറായി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പൊതുജനാരോഗ്യ രംഗത്ത് ജിഡിപിയുടെ ഒരു ശതമാനത്തില്‍ താഴെ തുക ചെലവഴിക്കുന്ന രാജ്യമായ ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്ക്  മികച്ച ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ 946 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങ ള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റാനുള്ള നടപടിയുടെ ഭാഗമായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒരു മാസത്തിനുള്ളില്‍ 105  കേന്ദ്രങ്ങള്‍ കൂടി  ഉദ്ഘാടനം ചെയ്യും. പ്രഖ്യാപിച്ച ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കും.
മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കി  ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും. കോഴിക്കോട് മെഡിക്കല്‍ കോളേജിനായി 900 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. ബി ഇക്ബാല്‍ വിഷയം അവതരിപ്പിച്ചു. എംഎല്‍എ മാരായ സി കെ നാണു, കാരാട്ട് റസാഖ്, ഡോ. എം കെ മുനീര്‍, പി ടി എ റഹീം, വി കെ സി മമ്മദ് കോയ സംസാരിച്ചു.
Next Story

RELATED STORIES

Share it