thrissur local

ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന : പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു



കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ പ്രദേശത്തെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നഗരസഭ ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി. പഴകിയതും ഉപയോഗ ശൂന്യവുമായും ആരോഗ്യത്തിനു ഹാനികരവുമായ നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടല്‍ ക്രാങ്കന്നൂരില്‍ നിന്നും നിരവധി തവണ ഉപയോഗിച്ചതും വീണ്ടും ഉപയോഗിക്കാന്‍ വേണ്ടി എടുത്തുവെച്ചതുമായ എണ്ണ, വേവിച്ചതും വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ തക്ക രീതിയില്‍ നിരവധി ദിവസം റഫ്രിജറേറ്ററില്‍ സൂക്ഷിച്ചതുമായ ചിക്കന്‍ മുതലയാവ പിടിച്ചെടുത്തു. ഹോട്ടല്‍ ചേരമാനില്‍ നിന്നും പഴകിയ പൊറോട്ട പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങള്‍ നശിപ്പിക്കുകയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. നിരവധി ഹോട്ടലുകളില്‍ അടുക്കള വൃത്തിഹീനമായും അശാസ്ത്രീയമായി മലിനജലം ഓടകളിലേക്ക് തള്ളുന്നതായും കാണപ്പെട്ടു. ഭക്ഷണപദാര്‍ത്ഥം പാകം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാതെയും കാണപ്പെട്ടു. ചില സ്ഥാപനങ്ങള്‍ ചപ്പുചവറുകള്‍ അലക്ഷ്യമായി പൊതുസ്ഥലത്ത് നിക്ഷേപിച്ചതായും കാണപ്പെട്ടു. അപാകതകള്‍ കണ്ടെത്തിയ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കി. ചപ്പുചവറുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞവര്‍ക്ക് പിഴ ചുമത്തി. മല്‍സ്യ-മാംസ വില്‍പന കേന്ദ്രങ്ങളിലേയും പരിശോധനകള്‍ നടത്തുകയും ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ചില സ്ഥാപനങ്ങളില്‍ നിന്നും നാല് മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ലൈസന്‍സിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യല്‍, അടച്ചു പൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമ്മര്‍ തോട്ടപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ശശി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാഹിറ പങ്കെടുത്തു.
Next Story

RELATED STORIES

Share it