ആരോഗ്യവകുപ്പിനെ പിന്തുണച്ച് ഡോക്ടര്‍മാരും പുകവലി ഉപേക്ഷിച്ചവരും

തിരുവനന്തപുരം: എല്ലാ പുകയില പായ്ക്കറ്റുകളിലും ക്വിറ്റ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1800 11 2356 ചേര്‍ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കി ഡോക്ടര്‍മാരും പുകയില ഉപേക്ഷിച്ചവരും. 2018 സപ്തംബര്‍ ഒന്ന് മുതല്‍ പുകയില പാക്കറ്റുകളില്‍ നമ്പര്‍ ചേര്‍ക്കണമെന്നാണ് നിബന്ധന.
പുകയില എന്നേക്കുമായി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന, അതേസമയം അത് എങ്ങനെ ചെയ്യണം എന്ന് അറിയാത്തവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്വിറ്റ് ലൈന്‍ സേവനം ഒരു ഫോണ്‍കോളിലൂടെ നേരിട്ടു ലഭിക്കും എന്നതാണ് പ്രത്യേകത.  പുകവലിക്കുന്നവരും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരും ക്വിറ്റ് ലൈന്‍ നമ്പര്‍ ഡയല്‍ ചെയ്താല്‍ പരിശീലനം ലഭിച്ച കൗണ്‍സലര്‍മാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഉചിതമായ പരിഹാരങ്ങളും വഴികളും ഉപദേശിക്കും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള അധ്യക്ഷന്‍ ഡോ. ഇ കെ ഉമ്മര്‍ കേന്ദ്രസര്‍ക്കാര്‍  നടപടിയെ സ്വാഗതം ചെയ്തു. വിവിധ തരത്തിലുള്ള പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം നിര്‍ത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ക്വിറ്റ് ലൈന്‍ വളരെ ഉപകാരപ്രദമായിരിക്കുമെന്ന് പതിനേഴാം വയസ്സില്‍ ഈ ശീലത്തിന് തുടക്കമിട്ട് 35 വയസ്സുള്ളപ്പോള്‍ ഉപേക്ഷിച്ച സുരേഷ് കെ സി അഭിപ്രായപ്പെട്ടു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായി രൂപം നല്‍കിയ മുന്നേറ്റം എന്ന സംഘടനയുടെ സെക്രട്ടറിയാണ് സുരേഷ്.
Next Story

RELATED STORIES

Share it