Flash News

ആരോഗ്യരംഗത്ത് ഇന്ത്യ 145ാം സ്ഥാനത്ത്‌

ന്യൂഡല്‍ഹി: ആരോഗ്യരംഗത്തെ മികവും പരിപാലനവും മുന്‍നിര്‍ത്തി 195 രാജ്യങ്ങളി ല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യ 145ാം സ്ഥാനത്ത്. അയല്‍രാജ്യങ്ങളായ ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കു തൊട്ടുപിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. ആരോഗ്യപരിപാലന രംഗത്തെ മികവും ചികില്‍സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്രത്തോളം ലഭ്യമാണ് എന്നീ കാര്യങ്ങളായിരുന്നു പഠനത്തില്‍ പ്രധാനമായും നോക്കിയത്.
1990നുശേഷം ആരോഗ്യരംഗത്ത് ഇന്ത്യ ഏറെ മുന്‍പന്തിയിലെത്തിയിട്ടുണ്ട്. 1990 ല്‍ 24.74 ശതമാനമായിരുന്നു നേട്ടമെങ്കില്‍ 2016ല്‍ ഇത് 41.2 ശതമാനം ആണ്. സംസ്ഥാനങ്ങളില്‍ കേരളവും ഗോവയും 60 പോയിന്റുമായി മുന്നിലാണ്. ഉത്തര്‍പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിറകില്‍.
പട്ടികയില്‍ ഐസ്‌ലാന്‍ഡ് 97.1 പോയിന്റുമായി ഒന്നാംസ്ഥാനത്താണ്. നോര്‍വേ 96.6 പോയിന്റ്, നെതര്‍ലന്‍ഡ് 96.1, ലക്‌സംബര്‍ഗ് 96, ഫിന്‍ലന്‍ഡ്, ആസ്‌ത്രേലിയ  95 പോയിന്റ് എന്നിവയാണ് മുന്നില്‍. ചൈന പട്ടികയില്‍ 48ാം സ്ഥാനത്താണ്. പട്ടികയില്‍ ശ്രീലങ്ക (71), ബംഗ്ലാദേശ് (133), ഭൂട്ടാന്‍ (134), നേപ്പാ ള്‍ (149), പാകിസ്താന്‍ (154) എന്നീ സ്ഥാനങ്ങളിലാണ്. ആഫ്രിക്കന്‍ റിപബ്ലിക്, സൊമാലിയ, ഗ്വിനിയ എന്നിവയാണ് പട്ടികയില്‍ ഏറ്റവും പിറകില്‍.
വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ പ്രതിരോധിക്കാന്‍ കഴിയുന്ന 32ഓളം രോഗാവസ്ഥകളില്‍ ഓരോ രാജ്യവും എത്രത്തോളം മികവു പുലര്‍ത്തി എന്നതിനനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. പൂജ്യം മുതല്‍ 100 വരെ പോയിന്റുകളാണ് ഓരോ രാജ്യങ്ങള്‍ക്കും നല്‍കിയത്. ക്ഷയം (ടിബി), ഹൃദയത്തെ ബാധിക്കുന്ന വാതങ്ങള്‍, വൃക്കരോഗങ്ങള്‍, പക്ഷാഘാതം, ടെസ്റ്റിക്കുലര്‍ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നും പഠനത്തില്‍ പറയുന്നു.
ആരോഗ്യരംഗത്ത് കൂടുതല്‍ മികവും ലഭ്യതയും എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പഠനം സൂചിപ്പിക്കുന്നത്. അല്ലാത്തപക്ഷം ആരോഗ്യരംഗത്തെ നേട്ടങ്ങളും രോഗങ്ങള്‍ നേരിടുന്ന ജനവിഭാഗങ്ങളും തമ്മില്‍ ഏറെ ദൂരത്തിലായിരിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
Next Story

RELATED STORIES

Share it