ആരോഗ്യമേഖലയ്ക്ക് 1013.11 കോടി; ഹരിപ്പാട്ട് പുതിയ നഴ്‌സിങ് കോളജ്

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലയ്ക്കായി 1013.11 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതമായി ആരോഗ്യമേഖലയ്ക്ക് 283.16 കോടിയും നീക്കിവച്ചു. ആരോഗ്യവകുപ്പില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 521.74 കോടിയും വകയിരുത്തി. മെറ്റേണിറ്റി യൂനിറ്റില്ലാത്ത താലൂക്ക് ആശുപത്രികളില്‍ അവ ആരംഭിക്കും. നേരത്തെ ആരംഭിച്ചവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് 16 കോടി. കൊല്ലം ജില്ലാ ആശുപത്രിയിലും കോഴിക്കോട് ജനറല്‍ ആശുപത്രിയിലും 11 കോടി ചെലവില്‍ കാത്ത് ലാബ്. വര്‍ക്കല താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലും ഡയാലിസിസ് യൂനിറ്റ്. ഹരിപ്പാട്ട് പുതിയ നഴ്‌സിങ് കോളജ്.
മാനസികാരോഗ്യ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് 3.74 കോടിയും മാനസികാരോഗ്യ പദ്ധതികള്‍ക്ക് 8.41 കോടിയും വകയിരുത്തി. കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കും. ഇതിനായി 12.54 കോടി വകയിരുത്തി. ആറു കോടി ചെലവില്‍ ഡ്രഗ് സ്റ്റോറുകള്‍ ആധുനികവല്‍ക്കരിക്കും. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തും. കുതിരവട്ടം മാനസികരോഗ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയുടെ പദ്ധതി. നിലവില്‍ സംസ്ഥാനത്തുള്ള എല്ലാ വൈറോളജി യൂനിറ്റുകളും സംയോജിപ്പിച്ച് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ വൈറോളജി സ്ഥാപിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വികസനത്തിന് 393.88 കോടി. മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 121.1 കോടിയും ഡെന്റല്‍ കോളജുകളുടെ വികസനത്തിന് 26 കോടിയും നഴ്‌സിങ് കോളജുകളുടെ വികസനത്തിന് 4.67 കോടിയും നീക്കിവച്ചു. പുതിയ മെഡിക്കല്‍ കോളജുകളുടെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 86.5 കോടി വകയിരുത്തി.
തിരുവനന്തപുരം, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ ലീനിയര്‍ ആക്‌സിലറേറ്റര്‍. മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടിയുടെ സഹായം. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമ്പോഴുണ്ടാവുന്ന വായ്പ കുടിശ്ശിക തീര്‍ക്കാന്‍ 100 കോടി വകയിരുത്തി. 42 പഞ്ചായത്തുകളില്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍. കിടത്തിച്ചികില്‍സയുള്ള 25 ഹോമിയോ ആശുപത്രികളും ആദിവാസി മേഖലയില്‍ കിടത്തിച്ചികില്‍സയുള്ള 10 ആശുപത്രികളും ആരംഭിക്കും.
Next Story

RELATED STORIES

Share it