Flash News

ആരോഗ്യമുള്ള ജീവിതത്തിന് മാരത്തണുകള്‍ സഹായകം



കൊച്ചി: ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യാന്‍ മാരത്തണുകളുടെ പ്രചാരണം സഹായിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍. ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ കൊച്ചിയില്‍ ഫഌഗ്ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു സചിന്‍. മാരത്തണിന് പൊതുജനങ്ങള്‍ ന ല്‍കിയ സ്വീകരണം മികച്ചതാണ്. കൊച്ചി മാരത്തണില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടിയത് അതിന് ഉദാഹരണമാണ്. ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യുന്നതിന് ഇത്തരം മാരത്തണുകള്‍ സഹായകമാവുമെന്നും സചിന്‍ പറഞ്ഞു. സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ രാജേഷ് നമ്പൂതിരിയും സോജി മാത്യുവും വിജയികളായി. 42 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍, 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, ഫാമിലി മാരത്തണ്‍ വിഭാഗങ്ങളിലായി നടന്ന മാരത്തണില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി വിദേശികളടക്കം 5000ഓളം പേര്‍ പങ്കെടുത്തു. ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ട്രിഡന്റ് ഹോട്ടലിനു മുന്നില്‍ വച്ച് സചിന്‍ ടെണ്ടുല്‍ക്കര്‍ മാരത്തണ്‍ ഫഌഗ് ഓഫ് ചെയ്തു. മാരത്തണില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനവും സചിന്‍ നിര്‍വഹിച്ചു. പ്ലാസ്റ്റിക് വിമുക്ത കൊച്ചി എന്ന സന്ദേശമുയര്‍ത്തിയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. ഇത് നാലാംവര്‍ഷമാണ് കൊച്ചി മാരത്തണ്‍ നടക്കുന്നത്. പുലര്‍ച്ചെ നാലിന് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ബ്രിസ്റ്റോ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഫുള്‍ മാരത്തണ്‍ പഴയ മട്ടാഞ്ചേരി പാലം, തോപ്പുംപടി, മുണ്ടന്‍വേലി, മണാശ്ശേരി, ബീച്ച് റോഡ്, വെളി ഗ്രൗണ്ട്, ബസാര്‍ റോഡ്, ജ്യൂ ടൗണ്‍ റോഡ്, കരുവേലിപ്പടി ഹോസ്പിറ്റല്‍ റോഡ്, തോപ്പുംപടി, വാത്തുരുത്തി, വെണ്ടുരുത്തി പാലം, തേവര, രവിപുരം ജങ്ഷന്‍, ഓള്‍ഡ് തേവര റോഡ്, ഫോര്‍ഷോര്‍ റോഡ്, ദര്‍ബാര്‍ഹാള്‍ റോഡ്, എം ജി റോഡ്, പള്ളിമുക്ക്, പോര്‍ട്ട് എന്നിവിടങ്ങളിലൂടെയാണ് കടന്നുപോയത്. മാരത്തണ്‍ പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും കയര്‍കൊണ്ട് നിര്‍മിച്ച മെഡലും സമ്മാനിച്ചു. സമാപന ചടങ്ങി ല്‍ പ്രഫ. കെ വി തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ സംബന്ധിച്ചു.
Next Story

RELATED STORIES

Share it