ആരെയും ഭിത്തികെട്ടി വേര്‍തിരിച്ച് നിര്‍ത്തരുത്: ദയാബായി

കണ്ണൂര്‍: ആരെയും ഭിത്തികെട്ടി വേര്‍തിരിച്ച് നിര്‍ത്തരുതെന്നും മനുഷ്യര്‍ പരസ്പരം സ്‌നേഹത്തോടെ വേര്‍തിരിവുകളില്ലാതെ ജീവിക്കുകയും ഇടപെടുകയും ചെയ്യുന്ന ഒരു കാലമാണ് തന്റെ സ്വപ്‌നമെന്നുംപ്രമുഖ മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക ദയാഭായി. യുവകലാസാഹിതി, ഐപ്‌സോ, ഇസ്‌കഫ്, ഇപ്റ്റ, പ്രോഗ്രസീവ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നല്‍കിയ 'ദയാഭരിതം' ആദരച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മുസ്‌ലിമും ആദിവാസിയും ദലിതും കമ്മ്യൂണിസ്റ്റും എല്ലാമാണ് ഞാന്‍. അതുകൊണ്ടുതന്നെ വേര്‍തിരിവിനോട് സമരസപ്പെടാനില്ല. ആദിവാസികളെ സഹായിക്കാന്‍ ചെന്ന പലരും അവരുടെ സംസ്‌കാരവും ഭാഷയും ജീവിതരീതികളുമെല്ലാം അപഹരിച്ചെടുത്ത് പുറത്തുള്ളവന്റെ സംസ്‌കാരവും ഭാഷയും അടിച്ചേല്‍പിക്കുകയായിരുന്നു. സ്വത്വം നഷ്ടപ്പെട്ട ആദിവാസികളായി അവര്‍ മാറി. ഇതോടെ അവരിലൊരാളായി മാറാന്‍ ഞാന്‍ അവരുടെ വസ്ത്രങ്ങളും സംസ്‌കാരവും ഭാഷയും സ്വീകരിച്ചത്. അവരോടൊപ്പം കൂലിപ്പണിക്കു പോയപ്പോള്‍ ചൂഷണങ്ങളെക്കുറിച്ച് അറിഞ്ഞു. അതിനെതിരേയുള്ള പ്രതികരണമായിരുന്നു തന്റെ ആദ്യസമരം. മണ്ണും പ്രകൃതിയുമായും മനുഷ്യര്‍ തമ്മിലും നല്ല ബന്ധം കെട്ടിപ്പടുത്ത് ജീവിക്കണം. ചിലര്‍ക്ക് സൗകര്യം കൂടുതല്‍ ഉണ്ടാക്കാന്‍ മറ്റു ചിലരെ അവരുടെ ഭൂമിയില്‍നിന്ന് ആട്ടിയോടിക്കുകയാണ്. എല്ലാ പൗരന്‍മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള നീതിയും ഒരുപോലെ ജീവിക്കാനുള്ള അവകാശവും ലഭിക്കണം ദയാബായി പറഞ്ഞു. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയിലുള്ളവര്‍ക്ക് നല്‍കാനായി സംഘാടകര്‍ ശേഖരിച്ച 200ഓളം പേര്‍ക്കുള്ള വസ്ത്രങ്ങള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ദയാബായിക്ക് കൈമാറി.
Next Story

RELATED STORIES

Share it