ആരെയും നിര്‍ബന്ധിക്കില്ല; പിന്‍മാറേണ്ടവര്‍ക്ക് പിന്‍മാറാം- പ്രതാപന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി മല്‍സരരംഗത്ത് നിന്നു പിന്‍മാറുകയാണെന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മല്‍സരിക്കണോ വേണ്ടയോ എന്ന് മല്‍സരിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്നും ആരെയെങ്കിലും നിര്‍ബന്ധിച്ച് മല്‍സരിപ്പിക്കാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ടി എന്‍ പ്രതാപന്‍ യുവാവാണ്. പിന്‍മാറണമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. അങ്ങനെ തോന്നുന്നവര്‍ക്ക് മാറാം. ആരെങ്കിലും മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ പാര്‍ട്ടി അനുവദിച്ചാലേ അതിന് കഴിയൂ.
തുടര്‍ച്ചയായി മല്‍സരിക്കുന്നത് ഒന്നുകില്‍ അധികാരത്തോടോ അല്ലെങ്കില്‍ ജനസേവനത്തോടോ ഉള്ള മോഹമാവാം. കോണ്‍ഗ്രസ്സില്‍ എത്രയോ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞതാണ്. ഇത്തരം വിഷയങ്ങളൊന്നും സ്ഥാനാര്‍ഥി നിര്‍ണയത്തെ ബാധിക്കില്ല. അത് അതിന്റെ വഴിക്ക്‌പോവും. കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി നിര്‍ണയം ഹൈക്കമാന്‍ഡിന്റെ പരിധിയില്‍പ്പെടുന്ന വിഷയമാണ്. അതില്‍ തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. വിഎസ് തുടര്‍ച്ചയായി മല്‍സരിക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് പിണറായിയോടാണ് ചോദിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്നോട് നേരിട്ട് പറഞ്ഞാല്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമെന്നതിനാലാണ് വി എം സുധീരന്‍ സര്‍ക്കാര്‍ തീരുമാനങ്ങളിലുള്ള വിയോജിപ്പ് രേഖാമൂലം നല്‍കുന്നത്. അപ്പോള്‍ കാര്യകാരണങ്ങള്‍ സഹിതം അവതരിപ്പിക്കാമല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it