ആരില്‍ നിന്നെങ്കിലും നന്മ പ്രതീക്ഷിക്കാമോ? ഫേസ്ബുക്കില്‍ കാരായി രാജന്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ പ്രതിയാവുകയും ജില്ലയില്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ടാവുകയും ചെയ്തതിനാല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച സിപിഎം നേതാവ് കാരായി രാജന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. കേസില്‍ കളവായി പ്രതിചേര്‍ക്കപ്പെട്ടവരോ സിപിഎമ്മോ പറയുന്നതു മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം നിലയില്‍ അന്വേഷണം നടത്തി സത്യാവസ്ഥ മനസ്സിലാക്കാന്‍ മാധ്യമ സുഹൃത്തുക്കളില്‍ നിന്ന് നേരിയ ശ്രമം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായി രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭരണ സംവിധാനങ്ങള്‍ രാഷ്ട്രീയ ദുരുദ്ദേശത്തോടെ പടച്ചുവിട്ട കള്ളക്കഥകളാണ് കുറച്ചുപേരെങ്കിലും വിശ്വസിച്ചിരിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടി ക്രൂശിക്കുമ്പോള്‍ അല്‍പം നന്മ ആരില്‍നിന്നെങ്കിലും പ്രതീക്ഷിക്കാമോ? കേസന്വേഷിച്ച സംഘത്തിലെ ഏതെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥനോട് സൗഹൃദപൂര്‍വം ചോദിച്ചാല്‍ അവരില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ വസ്തുതകള്‍ ലഭിക്കും.
രാജ്യദ്രോഹികളെന്നും കൊടുംകുറ്റവാളികളെന്നും ഭരണകൂടം ആരോപിക്കുന്നവര്‍ക്കു പോലും നമ്മുടെ നാട്ടില്‍ സ്വാഭാവിക നീതി ലഭ്യമായിട്ടുണ്ട്. ഇവിടെ ഇരട്ടനീതിയും ചെയ്യാത്ത കുറ്റത്തിനുള്ള തുടര്‍ വേട്ടകളും എന്തുകൊണ്ട് മാനുഷിക പ്രശ്‌നമാവുന്നില്ല. സത്യത്തിനു വേണ്ടി നിലകൊള്ളാന്‍, സ്വതന്ത്ര വായുവിനു വേണ്ടി മനുഷ്യപക്ഷ നിലപാടുകളുയര്‍ത്താന്‍ പുതിയ സ്വദേശാഭിമാനിമാരുണ്ടാവട്ടെ. വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കള്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാവട്ടെ. അധികാര സിംഹാസനങ്ങള്‍ കടപുഴകി തകരും. അത് ചരിത്രത്തിന്റെ നിയോഗമായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കാരായി രാജന്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it