Flash News

ആരാധാനാലയങ്ങളിലെ ആയുധപരിശീലനം: നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി

ആരാധാനാലയങ്ങളിലെ ആയുധപരിശീലനം: നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി
X
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങളില്‍ ഉള്‍പ്പടെ ആയുധ പരിശീലനം തടയുന്നതിന് ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനധികൃതമായി ഇത്തരം പരിശീലനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലിസ് ആക്ടിലെ വകുപ്പുകള്‍ക്ക് അനുസൃതമായി ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍, ചില സ്‌കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന ശാഖകളില്‍ ദണ്ഡ് ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കില്ല. കേരള പോലിസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയംരക്ഷ സംബന്ധിച്ചോ അഭ്യാസരീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിക്കാനും പാടില്ല. ജില്ലാ മജിസ്‌ട്രേറ്റിന് മാസ്ഡ്രില്‍ നിരോധിക്കുന്നതിനുള്ള അധികാരമുണ്ട്.



ആരാധനാലയങ്ങള്‍ ഭക്തര്‍ക്ക് സൈ്വര്യമായി ആരാധന നടത്താനുള്ള ഇടങ്ങളാണ്. ഇതിനു വിഘാതമായ പ്രശ്‌നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. അത്തരം നടപടികളെ കര്‍ശനമായി നിയന്ത്രിച്ച് ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തരം സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കെതിരും കുറ്റകരവുമാണ്. മതനിരപേക്ഷത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഇതിനെതിരായ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരേ കര്‍ശന നടപടിയുണ്ടാകും. അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലം കൈയേറിയുള്ള ആയുധ പരിശീലനം സ്വകാര്യ വസ്തുവിന്‍മേലുള്ള കൈയേറ്റമായാണ് പരിഗണിക്കുന്നത്. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാവും. ആയുധപരിശീലനം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനെതിരേ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍, ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം പരിശോധിച്ചു നടപടിയെടുക്കും. പാലക്കാട് വിദ്യാലയത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടേതുള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഏകീകൃത നിലപാടാണ് വേണ്ടെതെന്നും ഡി കെ മുരളി, ഇ പി ജയരാജന്‍, വികെസി മമ്മദ് കോയ, പി ഉണ്ണി, എ എന്‍ ഷംസീര്‍, കെ സി ജോസഫ്, ടി വി രാജേഷ് എന്‍ എ നെല്ലിക്കുന്ന്, വി ഡി സതീശന്‍, പി ടി തോമസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it