ആരാധനാലയങ്ങളില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നത് തടയണം: കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ആരാധനാലയങ്ങളില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നു സുപ്രിംകോടതി. ഇതിനായി പ്രത്യേക സമിതിയെ രൂപീകരിക്കണമെന്നും സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഒഡീഷയിലെ ചരിത്രപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ കൊള്ളയും ചൂഷണവും സംബന്ധിച്ച് ഹൈന്ദവ വിശ്വാസിനിയായ മൃണാളിനി പാധി നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എ കെ ഗോയലും അശോക് ഭൂഷണും അടങ്ങുന്ന ബെഞ്ച് ഇതുസംബന്ധിച്ചു വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. വിഷയം സാമൂഹികപ്രശ്‌നം എന്നതിനെക്കാളും ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട് എന്നതിനെക്കാളും മതാനുഷ്ഠാനത്തിന്റെ ഭാഗമായതിനാല്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശത്തില്‍പ്പെട്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ കോടതിയെ സഹായിക്കുന്നതിനായി അമിക്കസ്‌കൂറിയായി നിയമിച്ചു. പുരി ജഗന്നാഥ ക്ഷേത്ര നിലവറയുടെ താക്കോല്‍ കാണാതായ സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് ഇതുസംബന്ധിച്ച കേസ് സുപ്രിംകോടതിയിലെത്തിയത്. ഒഡീഷ ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം ഏപ്രില്‍ 4ന് കണക്കെടുപ്പിനായി 16 അംഗ സംഘം നിലവറയിലെത്തിയിരുന്നു. മൂന്നരപതിറ്റാണ്ടിനു ശേഷം നിലവറ തുറക്കാനെത്തിയപ്പോള്‍ താക്കോല്‍ കാണാനില്ലായിരുന്നു. ഇതോടെ സംഘം തിരിച്ചുപോയി. അവസാനമായി നിലവറ പൂട്ടിയശേഷം താക്കോല്‍ കലക്ടര്‍ ജില്ലാ ട്രഷറിയില്‍ സൂക്ഷിച്ചെന്നാണു പറയപ്പെടുന്നത്. എന്നാല്‍, താക്കോല്‍ കലക്ടര്‍ കൈപ്പറ്റിയതിന്റെയോ ട്രഷറിക്കു കൈമാറിയതിന്റെയോ രേഖകള്‍ ലഭ്യമല്ല. കേസ് അടുത്തമാസം 5നു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it