ആരാധനാലയങ്ങളിലെ നിധി പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കണമെന്ന്‌

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിന് പത്മനാഭസ്വാമി ക്ഷേത്രം ഉള്‍െപ്പടെയുള്ള ദേവാലയങ്ങളിലെ കോടിക്കണക്കിന് രൂപയുടെ നിധി ഉപയോഗിക്കണമെന്ന് ആര്‍എംപിഐ സംസ്ഥാന കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തുറന്ന നിലവറകളില്‍ തന്നെ ആയിരക്കണക്കിന് കോടിയുടെ നിധിശേഖരമുണ്ട്. തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഖജനാവും നിധിശേഖരവുമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലേത്. അത് ക്ഷാമകാലത്തേക്കുള്ള നീക്കിയിരിപ്പാണ്. ജനങ്ങളുടെ പണമാണ് ആ ശേഖരത്തിലുള്ളത്. പ്രളയം വഴി കേരളത്തിലുണ്ടായ നഷ്ടം നികത്താനും പുനര്‍നിര്‍മാണത്തിനും അതില്‍ വളരെ ചെറിയൊരു ഭാഗമെടുത്താല്‍ ഉചിതമാവും. അതിനായി സുപ്രിംകോടതിയുടെ അനുമതി വാങ്ങണം. വിശ്വാസികളുടെ പൂര്‍ണ പിന്തുണ ഈ നടപടിക്കു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രമല്ല, മറ്റു പ്രധാന ക്ഷേത്രങ്ങളിലും പ്രധാന മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളിലും നിധിശേഖരങ്ങളും സമ്പാദ്യങ്ങളുമുണ്ട്. ക്ഷേത്രങ്ങളുടെയും മുസ്‌ലിം-ക്രിസ്ത്യന്‍ പള്ളികളുടെയും മേധാവികള്‍ സമ്പാദ്യത്തില്‍ നിന്ന് ഒരു ഭാഗം നല്‍കി പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവണം. ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഉയര്‍ന്ന വേതനക്കാര്‍ക്ക് പ്രശ്‌നമല്ല. എന്നാല്‍, ബഹുഭൂരിപക്ഷം വരുന്ന ചെറിയ വേതനക്കാരെ ഇത് കടുത്ത സമ്മര്‍ദത്തിലാക്കുകയാണ്. വരുമാനത്തിന്റെ 10 ശതമാനം (3 ദിവസത്തേത്) 10 മാസക്കാലം നല്‍കുക എന്നത് അവരെ പട്ടിണിയിലാക്കുന്നതാണ്. അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശത്തില്‍ നിന്ന് ചെറിയ വേതനക്കാരെ ഒഴിവാക്കണമെന്ന് ആര്‍എംപിഐ ആവശ്യപ്പെട്ടു. ലോകമെമ്പാടും പുനര്‍നിര്‍മാണം മൂലധനശക്തികളുടെ ഏറ്റവും ലാഭകരമായ വ്യവസായമാണ്. ലോകബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും സ്വകാര്യ കമ്പനികളും അവരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞവ പുനര്‍നിര്‍മിക്കലും നഷ്ടമായവര്‍ക്ക് സഹായം നല്‍കലുമാണ് ഇപ്പോള്‍ പ്രധാനമായിട്ടുള്ളത്. വന്‍ കുത്തകകളുടെ വ്യവസായമായി കേരളത്തിന്റെ പുനര്‍നിര്‍മാണം മാറ്റുന്നതിന്റെ സൂചനകളാണ് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ദൃശ്യമായത്. പ്രാദേശിക അനുഭവങ്ങളും വൈദഗ്ധ്യവും ഉപയോഗിച്ച് ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഉണ്ടാവണമെന്നും ആര്‍എംപിഐ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it