Flash News

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം : നിയമനിര്‍മാണം ഉടനെന്ന് കടകംപള്ളി

ആരാധനാലയങ്ങളിലെ ആയുധ പരിശീലനം : നിയമനിര്‍മാണം ഉടനെന്ന് കടകംപള്ളി
X


തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ആയുധ പരിശീലനം നിരോധിക്കുന്ന നിയമം വേഗത്തില്‍ കൊണ്ടുവരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേസരിയില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ 80,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. മലബാര്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി 300 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്നും അറിയിച്ചു. കണ്ണൂര്‍ ജില്ലാകലക്ടര്‍ ചെയര്‍മാനായ മോണിറ്ററിങ് കമ്മിറ്റിയും പദ്ധതിക്കായി രൂപീകരിക്കും. 300 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അടുത്തവര്‍ഷം  സമര്‍പ്പിക്കാനാണ് തീരുമാനം. മലബാര്‍ മേഖലയിലെ ജലാശയങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. ഏകദേശം 197 കിലോമീറ്റര്‍ ബോട്ടിലൂടെയുള്ള യാത്രയാണ് മലബാര്‍ ടൂറിസം പദ്ധതിയുടെ സവിശേഷത. ഒരു നാടിന്റെ എല്ലാ സവിശേഷതകളും ആസ്വദിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുസ്‌രിസ് മാതൃകയില്‍ ശിതീകരിച്ച ആധുനിക ബോട്ടുകളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഇത്തരം ബോട്ടുകള്‍ക്ക് മാത്രമേ വെള്ളത്തിലിറക്കാന്‍ അനുമതി നല്‍കുകയുള്ളൂ. ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും പ്ലാസ്റ്റിക് രഹിത മേഖലയായി മാറ്റുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാലാവസ്ഥ പരിഗണിച്ചുകൊണ്ട് 12 മാസവും ടൂറിസത്തെ ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതു കണക്കിലെടുത്ത് മണ്‍സൂണ്‍ ടൂറിസത്തിന് പ്രധാന്യം നല്‍കും.വയനാട്, ആലപ്പുഴ എന്നീജില്ലകള്‍ കേന്ദ്രീകരിച്ചാവും മണ്‍സൂണ്‍ ടൂറിസം പദ്ധതി ആവിഷ്‌കരിക്കുക. എല്ലാ ജില്ലകളിലും ടൂറിസത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായി അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനമായി. തീര്‍ത്ഥാടന ടൂറിസത്തിന് പ്രാധാന്യം നല്‍കി പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കെടിഡിസിയുടെ വരുമാനത്തില്‍ ഭൂരിഭാഗം ചെലവഴിക്കുന്നതും വൈദ്യുതിക്കുവേണ്ടിയാണെന്നിരിക്കെ സ്വന്തം നിലയില്‍ വൈദ്യുതി നിര്‍മിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it