ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയുന്ന നിയമം സ്വാഗതാര്‍ഹം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നത് തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ്— പ്രസിഡന്റ് കെ എച്ച് നാസര്‍ പറഞ്ഞു.
സംസ്ഥാനത്തെ ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍, സ്‌കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന ശാഖകളില്‍ ദണ്ഡ് ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പലപ്പോഴും വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളുടെ പരിസരത്തും ആര്‍എസ്എസ് നടത്തുന്ന അനധികൃത ആയുധ പരിശീലത്തെക്കുറിച്ച് പോലിസിന്റെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ പെടുത്താറുണ്ടെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കാറില്ല.
എയ്ഡഡ് സ്—കൂളുകളില്‍ ഇത്തരം സംഘടനകള്‍ ആയുധ പരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കെതിരും കുറ്റകരവുമാണെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍, ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സ്—കൂള്‍ മാനേജ്—മെന്റിനെ സ്വാധീനിച്ച് പല വിദ്യാലയങ്ങളിലും ആര്‍എസ്എസ് പരിശീലനം നടക്കുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പുതന്നെ ക്ഷേത്രമുറ്റങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനം തടയാന്‍ നിയമം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് സംസ്ഥാനവ്യാപകമായി നടത്തിയ 42 പ്രാഥമിക് ശിക്ഷാവര്‍ഗുകളില്‍ ആറെണ്ണം സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് സ്—കൂളുകളിലും ഒരെണ്ണം എന്‍ജിനീയറിങ് കോളജിലുമാണെന്ന് ബോധ്യപ്പെട്ടിട്ടും ഇടതു സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല എന്ന വസ്തുതയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
മുമ്പും നിയമസഭയില്‍ ഇതേ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നടത്തിയിട്ടുണ്ട്. പക്ഷേ, നടപടികളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കേവലം പ്രസ്താവനകളില്‍ ഒതുക്കാതെ ആര്‍എസ്എസ് ആയുധ പരിശീലനത്തിനെതിരേ സത്വര നടപടികള്‍ സ്വീകരിക്കണം.
അതേസമയം, വര്‍ഗീയ സംഘടനകള്‍ അനധികൃതമായി നടത്തുന്ന കായിക പരിശീലനം, മാസ് ഡ്രില്‍ സംബന്ധിച്ച നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയില്‍ തൂക്കമൊപ്പിക്കാന്‍ മുഖ്യമന്ത്രി പോപുലര്‍ ഫ്രണ്ടിന്റെ പേര് വലിച്ചിഴച്ചത് പ്രതിഷേധാര്‍ഹമാണ്. നിയമവിരുദ്ധമായ ഒരു പരിശീലനവും പോപുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്നില്ലെന്നും കെ എച്ച് നാസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it