ആരാധനാലയം റോഡരികില്‍ വേണ്ട

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ സംബന്ധിച്ചു വിശദമായ പഠനം നടത്തുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷാ കമ്മീഷന്‍ രൂപീകരിക്കണമെന്ന് റോഡ് അപകടങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കാല്‍നട യാത്രക്കാര്‍ക്കു പോലും ബുദ്ധിമുട്ടുണ്ടാവുന്ന തരത്തില്‍ റോഡരികില്‍ നിര്‍മിച്ചിരിക്കുന്ന വെയ്റ്റിങ് ഷെഡ്, ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി, ആരാധനാലയങ്ങള്‍, കൊടിമരം എന്നിവ നീക്കം ചെയ്യണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റുന്നതുമൂലം അപകടമുണ്ടാവുന്ന സാഹചര്യത്തിലാണ് ശുപാര്‍ശയെന്ന് കമ്മീഷന്‍ വിശദീകരിക്കുന്നു.
നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്റെ നേതൃത്വത്തിലാണ് റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത്. പൂര്‍ണ അധികാരത്തോടുകൂടിയുള്ളതാവണം പുതിയ റോഡ് സുരക്ഷാ കമ്മീഷന്‍. കമ്മീഷനു കീഴില്‍ 3000 മുതല്‍ 5000 പേര്‍ ഉള്‍പ്പെടുന്ന റോഡ് സുരക്ഷാസേനയും രൂപീകരിക്കണം. റോഡ് സുരക്ഷ, രക്ഷാപ്രവര്‍ത്തനം, ഗതാഗത നിയന്ത്രണം, അടിയന്തര റോഡ് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്ക് പ്രത്യേക പരിശീലനം നല്‍കി ഇവരെ സജ്ജമാക്കണം. നിരീക്ഷണത്തിനായി ദേശീയ-സംസ്ഥാന പാതകളില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് 10 പേരടങ്ങുന്ന റോഡ് സുരക്ഷാസേനയെ നിയോഗിക്കണം.
ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈവിങ് പരിശീലനം എക്‌സ്ട്രാ കരിക്കുലം ആക്ടിവിറ്റിയായി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡ്രൈവിങിനെ മാറ്റിയെടുക്കുന്നതിനുള്ള അഭിരുചി വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ അംഗീകൃത പരിശീലകനെ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായിരിക്കണം ഇത്തരം ക്ലാസുകള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്.
അഞ്ചു വര്‍ഷത്തെ പരിചയമുള്ള ഡ്രൈവര്‍ക്ക് മാത്രമേ ദേശീയപാതകളില്‍ വാഹനമോടിക്കാന്‍ അനുമതി നല്‍കാവൂ. ജങ്ഷനുകളില്‍ നിന്ന് 250 മീറ്റര്‍ അകലത്തിലായിരിക്കണം ബസ്‌സ്റ്റോപ്പുകള്‍ നിര്‍മിക്കേണ്ടത്. അപകടം കുറയ്ക്കുന്നതിനു ദേശീയപാതകളില്‍ വൈദ്യുതീകരിച്ച ഫഌഷ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. റോഡ് സുരക്ഷാസേനയുടെ കീഴില്‍ ദേശീയ-സംസ്ഥാന പാതകളില്‍ 50 കിലോമീറ്റര്‍ ഇടവിട്ട് ജീവന്‍രക്ഷാ സംവിധാനങ്ങളും ജീവനക്കാരും അടങ്ങുന്ന ആംബുലന്‍സ് സേവനം ഉറപ്പുവരുത്തണം. ടിപ്പര്‍ലോറികള്‍ക്ക് സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കണം. സംസ്ഥാന ബജറ്റില്‍ റോഡ് സുരക്ഷയ്ക്കായി പ്രത്യേകം ഫണ്ട് വകയിരുത്തണം. സംസ്ഥാനത്തെ ദേശീയപാത കുറഞ്ഞത് നാലു വരിയിലും സംസ്ഥാനപാത രണ്ടു വരിയിലുമായിരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
Next Story

RELATED STORIES

Share it